Advertisement
national news
യു.പിയില്‍ കൊടുംതണുപ്പില്‍ ശീതകാല വസ്ത്രമില്ലാതെ കുട്ടികളെക്കൊണ്ട് വ്യായാമം ചെയ്യിച്ചു; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 27, 01:09 pm
Wednesday, 27th January 2021, 6:39 pm

ലക്‌നൗ: കൊടുംതണുപ്പില്‍ സ്‌കൂള്‍ കുട്ടികളെ ശീതകാല വസ്ത്രം നല്‍കാതെ വ്യായാമം ചെയ്യിപ്പിച്ച യു.പി സര്‍ക്കാര്‍ പരിപാടി റിപ്പോര്‍ട്ട് ചെയ്ത മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കുട്ടികളോടുള്ള ക്രൂരത റിപ്പോര്‍ട്ട് ചെയ്തതിനാണ് മൂന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ പങ്കെടുത്ത പരിപാടിയില്‍ നിരവധി സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ശീതകാല വസ്ത്രമില്ലാത്തതിനെ തുടര്‍ന്ന് തണുത്ത് വിറച്ചാണ് പങ്കെടുത്തത് എന്നായിരുന്നു റിപ്പോര്‍ട്ട്. ദൃശ്യങ്ങള്‍ സഹിതമായിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഇത്തരമൊരു വാര്‍ത്ത നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തന്നെ സമീപിച്ചെന്നും തുടര്‍ന്ന് തനിക്ക് നേരെ ഭീഷണിയുയര്‍ത്തിയെന്നും ആരോപിച്ച് സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രാഥമിക വിദ്യാഭ്യാസ പരിപാലന ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കാണ്‍പൂര്‍ ജില്ലയിലെ അക്ബര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ പ്രാഥമിക വിദ്യാഭ്യാസ പരിപാലന ഉദ്യോഗസ്ഥനായ സുനിത് ദത്ത് നല്‍കിയ പരാതിയില്‍ മോഹിത്, അമിത്, യാസിന്‍ എന്നീ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ചൊവ്വാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തുടര്‍ന്ന് ഇവര്‍ക്കെതിരെ വ്യാജവാര്‍ത്ത റിേപ്പാര്‍ട്ട് ചെയ്ത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ കുട്ടികളുടെ ശീതകാല വസ്ത്രം അഴിച്ചുമാറ്റിയത് വ്യായാമത്തിനായി മാത്രമാണെന്ന് പരിപാടി സംഘടിപ്പിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞു. യു.പി സ്ഥാപക ദിനാഘോഷത്തിനിടെയായിരുന്നു കുട്ടികളെ വ്യായാമത്തിനായി അണിനിരത്തിയത്.

ചടങ്ങില്‍ സംസ്ഥാന സാങ്കേതിക വകുപ്പ് മന്ത്രി അജിത് പാല്‍ സിങ്, നിരവധി എം.എല്‍.എമാര്‍ ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Up Police Charges Case Aganist 3 journalists