മുംബൈ: വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് അതിക്രമിച്ച് പ്രവേശിച്ചതില്‍ ശിവസേന (ഉദ്ധവ് വിഭാഗം) എം.എല്‍.എക്കെതിരെ കേസ്. വോട്ടെണ്ണുന്നതിനിടെ തന്റെ സുരക്ഷാ ഉദ്യോഗസ്ഥനുമായി കേന്ദ്രത്തിലേക്ക് എം.എല്‍.എ അതിക്രമിച്ച് കടന്നുവെന്നാണ് പരാതി.
ശിവസേന എം.എല്‍.എ വിലാസ് പോട്നിസിനെതിരെയാണ് കേസ്. എം.എല്‍.എയോടൊപ്പം വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിച്ച സുരക്ഷാ ഉദ്യോഗസ്ഥനെതിരെയും മുംബൈ പൊലീസ് കേസെടുത്തു. സംസ്ഥാനത്തെ മുംബൈ നോര്‍ത്ത് വെസ്റ്റിന്റെയും മറ്റ് രണ്ട് മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരുന്നത് ഗോരേഗാവിലെ നെസ്‌കോ ഗ്രൗണ്ടിലാണ് സംഭവം നടന്നത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188, ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 128 (2), തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ സെക്ഷന്‍ 54 എന്നിവ പ്രകാരമാണ് പൊലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
അതേസമയം മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് രവീന്ദ്ര വൈക്കറിന്റെ ബന്ധുവിനെ വോട്ടെണ്ണല്‍ സ്റ്റേഷനിലേക്ക് മൊബൈലുമായി എത്തിയതില്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തിലെ വോട്ടെണ്ണലിനിടെ നിയമ ലംഘനം നടന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. 48 വോട്ടിന് ജയിച്ച രവീന്ദ്ര വൈക്കറുടെ ബന്ധു നിയമവിരുദ്ധമായി വോട്ടെടുപ്പ് കേന്ദ്രത്തില്‍ പ്രവേശിച്ചിരുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിച്ചത്.