ന്യൂദല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്.പി നേതാവ് മായാവതി. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ മായാവതി തയ്യാറായില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിന് പിന്നാലെയാണ് മായാവതിയുടെ വിമര്‍ശനം.ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുമ്പ് നൂറ് വട്ടം ആലോചിക്കണമെന്ന് മായാവതി പറഞ്ഞു.
”ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നതിന് മുമ്പ് കോണ്‍ഗ്രസ് 100 തവണ ചിന്തിക്കണം. അവര്‍ക്ക് ബി.ജെ.പിയോട് വിജയിക്കാന്‍ കഴിഞ്ഞില്ല, എന്നിട്ട് അടിസ്ഥാനരഹിതമായ കാര്യം ഇങ്ങനെ പറയുന്നു. അധികാരത്തിലുണ്ടാകുമ്പോഴും അധികാരത്തിന് പുറത്താണെങ്കിലും കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല,” അവര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ പിതാവുമായ രാജീവ് ഗാന്ധിയും തന്റെ ബഹുജന്‍ സമാജ് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നും മായാവതി പറഞ്ഞു.
ഇ.ഡിയെയും മറ്റ് അന്വേഷണ ഏജന്‍സികളെയും ഞാന്‍ ഭയപ്പെടുന്നുവെന്ന് പറഞ്ഞുകൊണ്ട് പ്രിയങ്കാ ഗാന്ധിയും അതുതന്നെയാണ് ചെയ്യുന്നത്. ഇതെല്ലാം ശരിയല്ല. ഈ വിഷയങ്ങളിലെല്ലാം ഞങ്ങള്‍ സുപ്രീം കോടതിയില്‍ പോരാടി വിജയിച്ചതാണെന്ന് അവര്‍ അറിയണം,’ അവര്‍ കൂട്ടിച്ചേര്‍ത്തു.