പൗരത്വ നിയമം ഉടന്‍ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍
CAA Protest
പൗരത്വ നിയമം ഉടന്‍ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th March 2021, 6:51 pm

ന്യൂദല്‍ഹി: പൗരത്വ നിയമം രാജ്യത്ത് ഉടന്‍ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍. പൗരത്വ നിയമം പ്രായോഗിമാക്കാന്‍ ഇനിയും നാല് മാസം വേണ്ടിവരുമെന്ന് ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയെ അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗം വി.കെ ശ്രീകണ്ഠന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിയമനിര്‍മാണത്തിനുള്ള കമ്മിറ്റികള്‍ പൗരത്വ നിയമപ്രകാരമുള്ള ചട്ടങ്ങള്‍ ക്രമപ്പെടുത്തുന്നതിന് ലോക്‌സഭയ്ക്ക് ഏപ്രില്‍ 9 വരേയും രാജ്യസഭയ്ക്ക് ജൂലൈ 9 വരേയുമാണ് സമയമനുവദിച്ചിരിക്കുന്നത്.

2019 ഡിസംബര്‍ 12 നാണ് പൗരത്വ നിയമം പാസാക്കിയത്. പുതിയതോ ഭേദഗതി ചെയ്തതോ ആയ ഏതെങ്കിലും നിയമം നടപ്പിലാക്കുന്നതിന് പ്രാബല്യത്തില്‍ വന്ന് ആറുമാസത്തിനുള്ളില്‍ ആവശ്യമായ ചട്ടങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്.

പൗരത്വ നിയമത്തിന് കീഴില്‍ വരുന്ന അഭയാര്‍ത്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൃത്യമായ ചട്ടം പുറപ്പെടുവിച്ച ശേഷം പൗരത്വത്തിനായി അപേക്ഷ നല്‍കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പൗരത്വ നിയമപ്രകാരം പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലീം ഇതര മതസ്ഥരായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന്‍, പാര്‍സി മതക്കാര്‍ക്കാണ് പൗരത്വം കൊടുക്കുക.

നേരത്തെ കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും വാക്‌സിന്‍ വിതരണവും കഴിഞ്ഞാല്‍ ഉടന്‍ പൗരത്വ നിയമം നടപ്പാക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CAA not to be implemented before July, LS told