പിണറായിക്കെതിരെ കോൺഗ്രസ്‌ സ്ഥാനാർത്ഥിയായി ധർമടത്ത് മത്സരിച്ച സി. രഘുനാഥ്‌ ബി.ജെ.പിയിൽ
Kerala News
പിണറായിക്കെതിരെ കോൺഗ്രസ്‌ സ്ഥാനാർത്ഥിയായി ധർമടത്ത് മത്സരിച്ച സി. രഘുനാഥ്‌ ബി.ജെ.പിയിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th December 2023, 4:13 pm

കണ്ണൂർ: ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച മുൻ കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി സി. രഘുനാഥ് ബി.ജെ.പിയിൽ ചേർന്നതായി ഏഷ്യാനെറ്റ്‌ ന്യൂസ് റിപ്പോർട്ട്.

അഞ്ച് പതിറ്റാണ്ട് കോൺഗ്രസിൽ പ്രവർത്തിച്ച രഘുനാഥ് പാർട്ടിയിലെ അവഗണനയിൽ പ്രതിഷേധിച്ച് ഈ മാസം തുടക്കത്തിൽ പാർട്ടി വിട്ടിരുന്നു. കെ. സുധാകരന്റെ അടുത്ത അനുയായിയായിരുന്ന രഘുനാഥ് സുധാകരനോടുള്ള നീരസം പ്രകടിപ്പിച്ചുകൊണ്ടാണ് പാർട്ടി വിട്ടത്.

സുധാകരൻ നിർബന്ധിച്ചത് കൊണ്ടാണ് ധർമടത്ത് മത്സരിച്ചത് എന്നും ഗതികെട്ട് സ്ഥാനാർത്ഥിയാകേണ്ടി വന്നു എന്നും രഘുനാഥ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കണ്ണൂർ ഡി.സി.സിക്ക് പക്വതയും വകതിരിവും ഇല്ലെന്നും ഡി.സി.സി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ കയ്യേറ്റ ശ്രമം ഉണ്ടായെന്നും രഘുനാഥ് ആരോപിച്ചിരുന്നു.

കണ്ണൂർ ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിയായിരിക്കെ കെ.എസ്‌.യുവിൽ എത്തിയ രഘുനാഥ് സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്നു. പിന്നീട് കെ.പി.സി.സി അംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായി.

അതേസമയം തന്റെ ഫേസ്ബുക് പേജിൽ രഘുനാഥ് നേരത്തെ പങ്കുവെച്ച പോസ്റ്റുകൾ ഇപ്പോൾ ചർച്ചയാവുകയാണ്. മാർച്ച്‌ 27ന് കണ്ണൂർ ഡി.സി.സി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന സത്യാഗ്രഹണ ധർണക്ക് പിന്നാലെ മതേതര ഇന്ത്യയുടെ പ്രതീക്ഷയായ രാഹുൽ ഗാന്ധിയെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും മരണം വരെയും ബി.ജെ.പി സംഘപരിവാർ ഫാസിസ്റ്റ് ആശയങ്ങളോട് പോരാടിക്കൊണ്ടിരിക്കുമെന്നും രഘുനാഥ് പോസ്റ്റ്‌ ചെയ്തിരുന്നു.

ആർ.എസ്.എസ് ആശയത്തിൽ വിശ്വസിക്കുന്നവരെ കോൺഗ്രസിന് ആവശ്യമില്ലെന്നും ബി.ജെ.പിയെ ഭയപ്പെടുന്ന കോൺഗ്രസുകാർക്ക് പുറത്തു പോകാമെന്നുമുള്ള രാഹുൽ ഗാന്ധിയുടെ വാക്കുകളും രഘുനാഥ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

CONTENT HIGHLIGHT: C. Raghunath who contested against CM in Dharmadam as Congress candidate joins BJP