കൊച്ചി: കിറ്റക്സ് കമ്പനി നടത്തുന്ന മലിനീകരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകർ പ്രതികരിക്കുന്നില്ല എന്ന സി.പി.ഐ.എം ഉൾപ്പെടെയുള്ള പാർട്ടികളുടെ ആക്ഷേപത്തിന് മറുപടിയുമായി സി.ആർ നീലകണ്ഠൻ. വർഷങ്ങളായി കിറ്റക്സ് കമ്പനിയുടെ മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ താൻ ഇടപെടുന്നുണ്ടെന്നും ഇതിന്റെ പേരിൽ തനിക്കെതിരെ കേസുപോലും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”ഈ കമ്പനിയുടെ മലിനീകരണം സംബന്ധിച്ചുള്ള പരാതികൾ ഉയരുന്നത് പത്തിലേറെ വർഷങ്ങൾക്കു മുൻപാണ്. ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും അവരുടെ മുഴുവൻ കക്കൂസ് മാലിന്യങ്ങളും ഒരു തുറന്ന പാടത്തേക്കു വിടുന്നതിന്റെ ഫലമായി പ്രദേശവാസികൾക്ക് ജീവിക്കാൻ അസാധ്യമായതിനാൽ അതിനെതിരെ ചേലക്കുളം നിവാസികൾ നടത്തിയ സമരത്തിൽ പങ്കെടുക്കാനാണ് ഞാൻ അവിടെ ചെന്നത്. അന്ന് മുതൽ ആ സമരം ചെയ്യുന്ന ജനങ്ങൾക്കൊപ്പമാണ് ഞാൻ എന്നത് സാക്ഷ്യപ്പെടുത്താൻ ആ നാട്ടുകാർ മാത്രം മതി,” സി.ആർ നീലകണ്ഠൻ പറഞ്ഞു.
കിറ്റക്സിന്റെ ട്വന്റി 20യ്ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാല് പഞ്ചായത്തുകളിൽ ഉണ്ടായ വിജയത്തെക്കുറിച്ച് ഇതുവരെ ഒരക്ഷരം മിണ്ടാൻ സി.പി.ഐ.എം ഉൾപ്പെടെയുള്ള മുഖ്യധാര പാർട്ടികൾ തയ്യാറാകാത്തതിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. കിറ്റക്സിന്റെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട സമരങ്ങൾ നടക്കുമ്പോഴൊന്നും ഇവിടുത്തെ മുഖ്യധാര ഇടതുപക്ഷമുൾപ്പെടെയുള്ള ഒരു പാർട്ടിക്കാരും കമ്പനിക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.