കേന്ദ്രം ഉത്തരവാദിത്തം നിറവേറ്റിയില്ല, സുപ്രീം കോടതി അത് ചെയ്തു; ബുള്‍ഡോസ് രാജില്‍ ബി.എസ്.പി അധ്യക്ഷ
national news
കേന്ദ്രം ഉത്തരവാദിത്തം നിറവേറ്റിയില്ല, സുപ്രീം കോടതി അത് ചെയ്തു; ബുള്‍ഡോസ് രാജില്‍ ബി.എസ്.പി അധ്യക്ഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th September 2024, 9:23 am

ലഖ്‌നൗ: ബുള്‍ഡോസ് രാജ് നടപ്പിലാക്കുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും ബി.എസ്.പി അധ്യക്ഷയുമായ മായാവതി. ബുള്‍ഡോസ് രാജ് നടപ്പിലാക്കുന്നത് നീതിയുക്തമായ ഭരണത്തെയല്ല പ്രതിനിധീകരിക്കുന്നതെന്നും മായാവതി പറഞ്ഞു.

ഭരണഘടനയ്ക്കനുസരിച്ച് നിയമപരാമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്നും മായാവതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ബുള്‍ഡോസ് രാജുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന്റെ പിന്നാലെയാണ് മായാവതിയുടെ പ്രസ്താവന.

‘ബുള്‍ഡോസ് രാജ് നടപ്പിലാക്കുന്നത് കൃത്യമായ നിയമം നടപ്പാക്കലല്ല. ബുള്‍ഡോസ് രാജ് നടപ്പാക്കുന്ന പ്രവണത വര്‍ധിച്ച് വരുന്നത് ആശങ്കാജനകമാണ്. എന്നിരുന്നാലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കാതിരിക്കുമ്പോള്‍ കേന്ദ്രം മുന്നോട്ട് വരണം. ജനങ്ങള്‍ക്ക് അതിനെ കുറിച്ചുള്ള കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കണം. എന്നാല്‍ നിലവില്‍ അത് നടപ്പാക്കപ്പെടുന്നില്ല,’ മായാവതി എക്‌സില്‍ കുറിച്ചു.

അതേസമയം കേന്ദ്രം കൃത്യമായി നിയമനടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരില്ലായിരുന്നുവെന്നും മായാവതി പറഞ്ഞു.

‘അല്ലെങ്കില്‍ ബുള്‍ഡോസര്‍ നടപടിയുടെ കാര്യത്തില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി ഇടപെട്ട് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തം നിറവേറ്റേണ്ടിവരില്ല.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഭരണഘടനയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കണം,’മായാവതി കൂട്ടിച്ചേര്‍ത്തു.

അതേസമയം കുറ്റാരോപിതര്‍ ആയതുകൊണ്ടുമാത്രം അവരുടെ ഉടമസ്ഥതയിലുള്ള സ്വത്തുവകകള്‍ പൊളിക്കരുതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവ് വന്നിരുന്നു. അനധികൃതമായി ബുള്‍ഡോസ് രാജ് നടപ്പിലാക്കുന്നതിനെതിരെയായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഒക്ടോബര്‍ ഒന്നുവരെ കോടതി അനുമതി ഇല്ലാതെ ബുള്‍ഡോസ് രാജ് നടപ്പാക്കരുതെന്ന് കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊതുറോഡുകള്‍, നടപ്പാതകള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും പൊളിക്കുന്നതിനെ ഉത്തരവ് ബാധിക്കില്ലെന്നും കോടതി വിശദമാക്കിയിരുന്നു.

Content Highlight: BSP chief mayavathi expressed concern over implementation of bulldoze raj