World News
ഫലസ്തീനിലെയും ഇന്ത്യയിലെയും വീടുകള്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്നത് ബ്രിട്ടൻ നിര്‍മിത ബുള്‍ഡോസറുകള്‍; യു.കെയിൽ വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 29, 11:37 am
Wednesday, 29th January 2025, 5:07 pm

ലണ്ടന്‍: ഫലസ്തീനിലെയും ഇന്ത്യയിലെയും വീടുകള്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന ബുള്‍ഡോസറുകള്‍ നിര്‍മിക്കുന്നത് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കമ്പനിയെന്ന് റിപ്പോര്‍ട്ട്. കോടീശ്വരന്‍ ആന്റണി ബാംഫോര്‍ഡ് അധ്യക്ഷനായ ജെസി ബാംഫോര്‍ഡ് എക്‌സ്‌കവേറ്റേഴ്‌സ് ലിമിറ്റഡിനെതിരെയാണ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍.

ഫലസ്തീന്‍, ഇന്ത്യ എന്നിവിടങ്ങളിലെ വീടുകള്‍ തകര്‍ക്കുന്നതിനായി ജെസി ബാംഫോര്‍ഡ് എക്‌സ്‌കവേറ്റേഴ്‌സ് ലിമിറ്റഡ് ബുള്‍ഡോസറുകള്‍ നിര്‍മിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കശ്മീരിലെ പൊളിക്കല്‍ നടപടികള്‍ക്കും ജെ.സി.പി ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നതായാണ് ആരോപണം. ഈ മേഖലകളിലെ പൊളിക്കല്‍ നടപടിക്ക് വിധേയേമാകുന്നത് മുസ്‌ലിങ്ങളും ന്യൂനപക്ഷങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്, നിജ്ജോര്‍ മാനുഷ്, സൗത്ത് ഏഷ്യന്‍ ഫോര്‍ ഫലസ്തീന്‍, സൗത്ത് ഏഷ്യ ജസ്റ്റിസ് ക്യാമ്പയിന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ ഭാഗമാണ് റിപ്പോര്‍ട്ട്.

‘ജെ.സി.ബി: സ്റ്റോപ്പ് ബുള്‍ഡോസര്‍ വംശഹത്യ’ എന്ന ക്യാമ്പയിനും സംഘടനകള്‍ നേതൃത്വം നല്‍കി വരുന്നു.

2006 മുതല്‍ ജെ.സി.ബി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഫലസ്തീനികളുടെ വീടുകള്‍ ഇസ്രഈല്‍ തകര്‍ക്കുന്നതിന്റെ ഫോട്ടോകളും വിവരങ്ങളും റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രഈലി സെറ്റില്‍മെന്റുകളുടെ നിര്‍മാണത്തിനായി ബുള്‍ഡോസറുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന പഠനങ്ങളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2018നും 2022നും ഇടയിലായി ഫലസ്തീനിലെ 262 വീടുകള്‍ അടക്കം 767 നിര്‍മിതികള്‍ ജെ.സി.ബി ഉപകരണങ്ങള്‍ കൊണ്ട് നശിപ്പിച്ചിട്ടുണ്ട്. ഈ ജെ.സി.ബികളുടെ നിയന്ത്രണം ബാംഫോര്‍ഡ് ട്രസ്റ്റുകള്‍ക്കാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ആന്റണി ബാംഫോര്‍ഡ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ദാതാക്കളില്‍ ഒരാളാണെന്നും മുന്‍ ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

ഇന്ത്യയിലെ ബുള്‍ഡോസ് രാജ് സംബന്ധിച്ച അന്താരാഷ്ട്ര മനുഷ്യവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടും പഠനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലായി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത് 128 കെട്ടിടങ്ങളാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ കണ്ടെത്തിയത്.

കൂടുതലും മുസ്‌ലിങ്ങളുടെ സ്വത്തുവകകളാണ് സര്‍ക്കാര്‍ അധികാരികള്‍ തുടച്ചുനീക്കിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വര്‍ഗീയ കലാപങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഈ കണക്കുകള്‍ പുറത്തുവിട്ടത്.

അസം, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ദല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് മുസ്‌ലിങ്ങളുടെ വീടുകള്‍ക്കും സ്വത്തുക്കള്‍ക്കും നേരെ ബുള്‍ഡോസര്‍ അനീതി നടന്നതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. സര്‍ക്കാരിന്റെ വിവേചനപരമായ ഈ നീക്കം 617 പേരെയെങ്കിലും നേരിട്ട് ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഈ പൊളിക്കല്‍ നടപടികളുടെ ഉത്തരവാദിത്തം ജെ.സി.ബി ഏറ്റെടുക്കണമെന്നും ബ്രിട്ടന്‍ കമ്പനിക്കെതിരായ റിപ്പോര്‍ട്ട് പറയുന്നു. ധാര്‍മികതയില്ലാത്ത ബഹുരാഷ്ട്ര കമ്പനികളാണ് ജെ.സി.ബി പോലുള്ളവയെന്ന് ക്യാമ്പയിന്‍ പ്രതിനിധികളും പ്രതികരിച്ചു.

Content Highlight: British-made bulldozers used to demolish Muslim homes in Palestine and India; Report