ലണ്ടന്‍: ഇസ്രഈലിനുള്ള ആയുധ വില്‍പന ബ്രിട്ടന്‍ നിര്‍ത്തിവെക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ടിനെ വെല്ലുവിളിക്കാനുള്ള തീരുമാനത്തില്‍ നിന്നും യു.കെ പിന്മാറുമെന്നാണ് റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റ് ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന സൈനിക നടപടിയില്‍ കൂടുതല്‍ വിശകലനത്തിന്റെ ആവശ്യകതയുണ്ടന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
യു.കെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും മിഡില്‍ ഈസ്റ്റ് ഐ പറയുന്നു. വരും ദിവസങ്ങളില്‍ ആയുധ വില്‍പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. എന്നാല്‍ ആയുധ കൈമാറ്റം പൂര്‍ണമായും നിര്‍ത്തിവെക്കില്ലെന്നും ലേബര്‍ പാര്‍ട്ടി നേതാവ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
അക്രമാസക്തമായ ആയുധങ്ങളിലായിരിക്കും യു.കെ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയെന്ന് വൃത്തങ്ങള്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യെമനിലെ ഹൂത്തികളും ലെബനനിലെ ഹിസ്ബുള്ളയും ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസും സംയുക്തമായി ഇസ്രഈലിനെ പ്രതിരോധിക്കുകയാണ്. ഈ സാഹചര്യത്തില്‍ പൂര്‍ണമായും ഒരു ആയുധ കൈമാറ്റനിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയും വൃത്തങ്ങള്‍ മിഡില്‍ ഈസ്റ്റ് ഐയെ ഓര്‍മിപ്പിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
2023 ഒക്ടോബറിലാണ് ഇസ്രഈലിന് വിവിധ തരത്തിലുള്ള ആയുധങ്ങള്‍ കൈമാറുന്നതിനായി 100ലധികം കയറ്റുമതി ലൈസന്‍സുകള്‍ക്ക് യു.കെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
ഇസ്രഈലിന് ആയുധങ്ങള്‍ കൈമാറുന്നതില്‍ നിന്ന് ലോകരാഷ്ട്രങ്ങള്‍ പിന്മാറണമെന്ന ആവശ്യം ഉന്നയിച്ച് ലോകമെമ്പാടും പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് യു.കെയുടെ തീരുമാനം. രാജ്യത്തെ ഫലസ്തീന്‍ അനുകൂലികളില്‍ പിന്തുണ പിടിച്ചുപ്പറ്റാനുള്ള കെയ്ര്‍ സ്റ്റാര്‍മാരുടെ നീക്കമാണിതെന്നും റിപ്പോര്‍ട്ടിന് പിന്നാലെ വിലയിരുത്തലുകള്‍ ഉയരുന്നുണ്ട്.
Content Highlight: Britain may halt arms sales to Israel, report says