Advertisement
Daily News
ഒത്തുകളി വിവാദം; ക്രിസ് കെയ്ന്‍സിനെതിരായ നിലപാടിലുറച്ച് മക്കല്ലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jun 07, 12:29 pm
Tuesday, 7th June 2016, 5:59 pm

muccullum and cairns

ലണ്ടന്‍: ഒരു കാലത്ത് ന്യൂസിലന്റ് ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഒത്തുകളി വിവാദത്തില്‍ സഹതാരം ക്രിസ് കെയിന്‍സിനെതിരായ തന്റെ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുന്‍ ന്യൂസിലന്റ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം. ഒത്തുകളിക്കാനുള്ള വാഗ്ദാനവുമായി ക്രിസ് കെയിന്‍സ് തന്നെ സമീപിച്ചിരുന്നുവെന്നും ആ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും മക്കല്ലം വ്യക്തമാക്കി.

ലോര്‍ഡ്‌സില്‍ ഒരു പ്രഭാഷണം നടത്തുന്നതിനിടെയാണ് മക്കല്ലം നിലപാട് ആവര്‍ത്തിച്ചത്. ഒത്തുകളി സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്ന കളിക്കാരോട് കൂടുതല്‍ പ്രഫഷണലായ സമീപനം കൈകൊള്ളാന്‍ ഐ.സി.സി തയ്യാറാകണമെന്നും മക്കല്ലം ആവശ്യപ്പെട്ടു.

ഒത്തുകളിയിലുള്ള പങ്കാളിത്തം തുറന്നു പറഞ്ഞ് കെയിന്‍സിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ സഹതാരം ലൂ വിന്‍സെന്റിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതിനെയും മക്കല്ലം രൂക്ഷമായി വിമര്‍ശിച്ചു. സ്വന്തം തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷ നടത്തുന്ന കളിക്കാരോട് കൂടുതല്‍ സുതാര്യവും മനുഷ്യത്വപരവുമായ സമീപനം സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് താരം പറഞ്ഞു.

കെയിന്‍സിനെതിരെ താന്‍ നല്‍കിയ മൊഴി ബ്രിട്ടനിലെ ഡെയ്‌ലി മെയില്‍ പത്രത്തിന് ചോര്‍ത്തി നല്‍കിയതിനെതിരെയും മക്കല്ലം തുറന്നടിച്ചു. സ്വകാര്യമായി നല്‍കിയ മൊഴികള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ ചോര്‍ത്തി നല്‍കുന്ന അവസ്ഥയില്‍ കളിക്കാരുടെ സഹകരണം ഏതു രീതിയിലാണ് ഐ.സി.സി ഉറപ്പാക്കുകയെന്ന് മക്കല്ലം ചോദിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരിക്കെയാണ് കെയിന്‍സിനെതിരെ മക്കല്ലം മൊഴി നല്‍കിയത്. എന്നാല്‍ ഏറെ നാളത്തെ നിയമപോരാട്ടത്തിന് ശേഷം കെയിന്‍സിനെ കോടതി വെറുതെ വിടുകയായിരുന്നു.