ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരക്കാരനായി ഇന്റർ മിലാൻ സൂപ്പർതാരം ക്ലബ്ബിലെത്തുന്നു?
DSport
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരക്കാരനായി ഇന്റർ മിലാൻ സൂപ്പർതാരം ക്ലബ്ബിലെത്തുന്നു?
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th October 2022, 7:22 pm

മാഞ്ചസ്റ്റർ യുണൈറ്റഡിൽ കുറച്ച് നാളുകളായി മത്സരങ്ങളിൽ നിന്ന് തഴയപ്പെടുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ സീസണിൽ ബെഞ്ചിലിരിക്കാനായിരുന്നു റൊണാൾഡോയുടെ വിധി.

അവസാന നിമിഷം കളിക്കിറങ്ങിയിട്ടുണ്ടെങ്കിലും കാര്യമായി സ്‌കോർ ചെയ്യാൻ കഴിയാതിരുന്നതും അദ്ദേഹത്തിന് വിനയായി.

 

ഇതിനകം താരത്തോട് ട്രാഫോർഡ് വിട്ട് പോകണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ആരാധകരിൽ പലരും രംഗത്ത് വന്നിരുന്നു. പരിശീലകൻ എറിക് ടെൻ ഹാഗ് മുന്നിൽ വെക്കുന്ന തന്ത്രങ്ങളും വേഗതയുമായി പൊരുത്തപ്പെടാൻ പ്രായം അനുവദിക്കുന്നില്ലെന്ന് താരം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഫുട്ബോൾ വിദ​ഗ്ധർമാരിൽ ചിലർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

അടുത്ത ട്രാൻസ്ഫറിൽ ക്ലബ്ബ് വിട്ട് പോകാൻ താരം തീരുമാനമെടുത്തിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.

വമ്പൻ ക്ലബ്ബുകൾ താരത്തെ വാങ്ങാൻ മുന്നോട്ട് വരില്ലെന്നും അത്തരത്തിൽ ഓഫറുകൾ വന്നെങ്കിൽ മാത്രമെ റൊണാൾഡോയെ വിട്ട് നൽകൂ എന്നുമാണ് യുണൈറ്റഡ് അറിയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം ഇന്റർ മിലാൻ സൂപ്പർതാരം ലൗറ്ററോ മാർട്ടിനെസിനെ യുണൈറ്റഡ് നോട്ടമിട്ടിരിക്കുകയാണെന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ഈ സീസണിൽ മികച്ച പ്രകടനമാണ് അർജന്റൈൻ താരം പുറത്തെടുക്കുന്നത്. താരത്തെ സ്വന്തമാക്കാൻ നേരത്തെ തന്നെ ബാഴ്‌സലോണ ശ്രമങ്ങൾ നടത്തിയതായും റിപ്പോർട്ടുണ്ട്.

യുണൈറ്റഡിലേക്ക് റൊണാൾഡോയുടെ പകരക്കാരനായിട്ടാണ് മാർട്ടിനെസിനെ പരിഗണിക്കുക എന്നാണ് വാർത്ത.

താരത്തിന് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ യുണൈറ്റഡിന് പുറമെ പി.എസ്.ജിയും സജീവമാണെന്നാണ് ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്‌പോർട്ട് റിപ്പോർട്ട് ചെയ്തത്.

2026 വരെയാണ് ഇന്റർമിലാനുമായി ലൗറ്ററോ മാർട്ടിനെസ് കരാറിലേർപ്പെട്ടിരിക്കുന്നത്. ഇപ്പോൾ ട്രാൻസ്ഫറിനെ പറ്റി ചിന്തിക്കുന്നില്ലെന്നാണ് താരം പറഞ്ഞത്.

വരാനിരിക്കുന്ന ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ മുന്നേറ്റ നിരയിൽ സ്ഥാനം ഉറപ്പിച്ചിട്ടുള്ള താരം കൂടിയാണ് മാർട്ടിനെസ്.

Content Highlights: Both Paris Saint-Germain and Manchester United are heavily interested in Lautaro Martinez