പേരിന് പോലും ഹിറ്റില്ലാത്ത ഹിറ്റ്മാന്‍; ചോദിച്ചുവാങ്ങിയത് അങ്ങേയറ്റം നാണംകെട്ട റെക്കോഡ്
Sports News
പേരിന് പോലും ഹിറ്റില്ലാത്ത ഹിറ്റ്മാന്‍; ചോദിച്ചുവാങ്ങിയത് അങ്ങേയറ്റം നാണംകെട്ട റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th December 2024, 12:21 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പത്ത് വിക്കറ്റിന്റെ പരാജയമേറ്റുവാങ്ങിയിരുന്നു. അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ വിജയിച്ച് ആതിഥേയര്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരം അവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്തുകയും ചെയ്തു.

ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന്റെ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യ, അഡ്‌ലെയ്ഡില്‍ ഇന്നിങ്‌സ് തോല്‍വി വഴങ്ങുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിച്ചെങ്കിലും അതുണ്ടായില്ല. ഇന്ത്യ ഉയര്‍ത്തിയ 19 റണ്‍സിന്റെ വിജയലക്ഷ്യം കങ്കാരുക്കള്‍ വിയര്‍ക്കാതെ മറികടന്നു.

സ്‌കോര്‍

ഇന്ത്യ: 180 & 175

ഓസ്‌ട്രേലിയ: 337 & 19/0 (T: 19)

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയത് ഇന്ത്യയുടെ പരാജയത്തിന് ആക്കം കൂട്ടി. വിരാട് രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി 18 റണ്‍സ് നേടിയപ്പോള്‍ ഒമ്പത് റണ്‍സാണ് അഡ്‌ലെയ്ഡില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയക്ക് കണ്ടെത്താന്‍ സാധിച്ചത്.

അഡ്‌ലെയ്ഡില്‍ പരാജയമായതോടെ ഒരു മോശം റെക്കോഡും രോഹിത്തിനെ തേടിയെത്തി. ഒരു ടെസ്റ്റ് സീസണില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും മോശം ബാറ്റിങ് ശരാശരിയുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നാണ് രോഹിത് തലകുനിച്ചുനില്‍ക്കുന്നത്.

2024-25 സീസണില്‍ ഇതുവരെ 12 ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത രോഹിത്തിന്റെ ബാറ്റിങ് ശരാശരി 12ന് താഴെയാണ്. ഈ സീസണില്‍ താരത്തിന് ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കെ ആരാധകരെ വീണ്ടും നിരാശപ്പെടുത്തിയാല്‍ ഈ മോശം റെക്കോഡില്‍ താരം ഒന്നാമതെത്തിയേക്കും.

ടെസ്റ്റ് സീസണില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും മോശം ബാറ്റിങ് ശരാശരി*

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് – ശരാശരി – സീസണ്‍ എന്നീ ക്രമത്തില്‍)

ജെഫ് ക്രോ – ന്യൂസിലാന്‍ഡ് – 10 – 118 – 11.80 – 1987/88

രോഹിത് ശര്‍മ – ഇന്ത്യ – 12 – 142 – 11.83 – 2024/25

മോമിനുസല്‍ ഹഖ് – ബംഗ്ലാദേശ് – 11 – 152 – 13.81 – 2021/22

സനത് ജയസൂര്യ – ശ്രീലങ്ക – 11 – 157 – 14.27 -2000/01

ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 11 – 161 – 14.63 – 2005/06

(*ഒന്ന് മുതല്‍ ആറാം നമ്പര്‍ വരെ ബാറ്റ് ചെയ്യവെ, ചുരുങ്ങിയത് പത്ത് ഇന്നിങ്‌സുകള്‍)

അഡ്‌ലെയ്ഡില്‍ സംഭവിച്ചത്

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ വെറും 180 റണ്‍സിന് പുറത്തായി. സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാള്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായപ്പോള്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഒറ്റയക്കത്തിനും പുറത്തായി. 42 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടോപ് സ്‌കോറര്‍.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ് കരുത്തിലാണ് ഇന്ത്യയെന്ന വന്‍മരം വേരോടെ കടപുഴകി വീണത്. യശസ്വി ജെയ്‌സ്വാളിന്റെതടക്കം ആറ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സ്‌കോട് ബോളണ്ടും രണ്ട് വിക്കറ്റ് വീതം നേടി.

പിങ്ക് ബോള്‍ ടെസ്റ്റ് തങ്ങളുടെ കുത്തകയാണെന്ന് അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു ഓസ്‌ട്രേലിയയുടെ പ്രകടനം. സൂപ്പര്‍ താരം ട്രാവിസ് ഹെഡിന്റെ സെഞ്ച്വറി കരുത്തില്‍ 337 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയത്.

141 പന്തില്‍ 140 റണ്‍സാണ് ഹെഡ് സ്വന്തമാക്കിയത്. 17 ഫോറും നാല് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മാര്‍നസ് ലബുഷാന്‍ 126 പന്തില്‍ 64 റണ്‍സ് നേടിയ രണ്ടാമത് മികച്ച റണ്‍ ഗെറ്ററായി. 109 പന്ത് നേരിട്ട് 39 റണ്‍സ് നേടിയ നഥാന്‍ മക്‌സ്വീനിയും തന്റെതായ സംഭാവന സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചു.

രണ്ടാം ഇന്നിങ്‌സിലും ഇന്ത്യക്ക് തിരിച്ചടിയേറ്റു. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും നിരാശപ്പെടുത്താന്‍ മത്സരിച്ചപ്പോള്‍ യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയുടെ ചെറുത്തുനില്‍പാണ് ഇന്ത്യയെ ഇന്നിങ്‌സ് തോല്‍വിയെന്ന നാണക്കേടില്‍ നിന്നും കരകയറ്റിയത്.

രണ്ടാം ടെസ്റ്റില്‍ വിരാട് 11 റണ്‍സിന് മടങ്ങിയപ്പോള്‍ വെറും ആറ് റണ്‍സാണ് ഹിറ്റ്മാന് കണ്ടെത്താന്‍ സാധിച്ചത്. നിതീഷ് കുമാര്‍ 47 പന്തില്‍ 42 റണ്‍സ് നേടി മടങ്ങി. 28 റണ്‍സ് വീതം നേടിയ ശുഭ്മന്‍ ഗില്ലും റിഷബ് പന്തുമാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തവരില്‍ മികച്ചുനിന്ന മറ്റുതാരങ്ങള്‍.

പാറ്റ് കമ്മിന്‍സ് ഫൈഫര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ സ്‌കോട് ബോളണ്ട് മൂന്നും സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റുകള്‍ നേടി.

ഒടുവില്‍ ഇന്ത്യ ഉയര്‍ത്തിയ 19 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് ഒട്ടും പണിപ്പെടാതെ മറികടന്നു.

Content Highlight: Border – Gavaskar Trophy: Rohit Sharma sets an unwanted record