കൈതി ഭോലയാകുമ്പോള്‍; ആദ്യ ദിനത്തിലെ കുതിപ്പ് ആവര്‍ത്തിക്കാനാകാതെ അജയ് ദേവ്ഗണ്‍
Entertainment news
കൈതി ഭോലയാകുമ്പോള്‍; ആദ്യ ദിനത്തിലെ കുതിപ്പ് ആവര്‍ത്തിക്കാനാകാതെ അജയ് ദേവ്ഗണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd April 2023, 10:39 am

 

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കാര്‍ത്തി നായകനായെത്തിയ ഹിറ്റ് സിനിമയായിരുന്നു കൈതി. മാസ് രംഗങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന സിനിമയില്‍ വൈകാരിക രംഗങ്ങളിലും മികവ് പുലര്‍ത്താന്‍ കാര്‍ത്തി-ലോകേഷ് കൂട്ടുകെട്ടിന് സാധിച്ചിരുന്നു.

കൈതിയുടെ ഹിന്ദി പതിപ്പായ ഭോലെ കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. അജയ് ദേവ്ഗണ്‍ നായകനായെത്തിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നതും അദ്ദേഹം തന്നെയാണ്. അജയ് ദേവ്ഗണിന് പുറമെ തബു, സഞ്ജയ് മിശ്ര തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിയേറ്ററിലെത്തിയ ആദ്യ ദിവസം മെച്ചപ്പെട്ട കളക്ഷന്‍ നേടിയ സിനിമ ഇപ്പോള്‍ ബോക്‌സ് ഓഫീസില്‍ തകരുന്ന കാഴ്ചയാണ് ബി ടൗണ്‍ കാണുന്നത്.

ആദ്യത്തെ ദിവസം 11.20 കോടി നേടിയപ്പോള്‍ രണ്ടാം ദിനത്തില്‍ 7.40 കോടിയേ നേടാന്‍ ഭോലക്ക് സാധിച്ചുള്ളൂ. രണ്ട് ദിനങ്ങള്‍ കൊണ്ട് 18.60 കോടി ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. റിലീസ് ദിനം രാമ നവമിയുടെ അവധിദിനമായിരുന്നതും രണ്ടാം ദിനം പ്രവര്‍ത്തിദിനമായിരുന്നതും കളക്ഷന്‍ കുറയുന്നതിന് കാരണമായിട്ടുണ്ടെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൈതിയാകട്ടെ കേരളത്തിലടക്കം മികച്ച പ്രതികരണം നേടിയ സിനിമയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

content highlight: bollywood movie box office collection