സംവിധായകന്‍ പത്മരാജനൊപ്പം സഹ സംവിധായകനായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ബ്ലെസി. 18 വര്‍ഷങ്ങള്‍ക്ക് ശേഷം 2004ലാണ് ബ്ലെസി ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നായകനായി എത്തിയ കാഴ്ച എന്ന ആ സിനിമ മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറുകയും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.
പിന്നീട് തന്മാത്ര, ഭ്രമരം, പ്രണയം, പളുങ്ക്, ആടുജീവിതം എന്നിങ്ങനെ ഒരുപിടി മികച്ച സിനിമകള്‍ അദ്ദേഹം മലയാള സിനിമക്ക് നല്‍കിയിട്ടുണ്ട്. തന്റെ സിനിമ ജീവിതത്തില്‍ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ സിനിമാ ആസ്വാദകരുടെ മനം കവര്‍ന്ന സംവിധായകനാണ് ബ്ലെസി. തന്റെ സിനിമകള്‍ക്ക് നിരവധി ദേശീയ പുരസ്‌കാരങ്ങളും സംസ്ഥാന അവാര്‍ഡുകളും നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ കുട്ടികാലം മുതല്‍ തുടങ്ങിയ തന്റെ സിനിമയോടുള്ള അഭിനിവേശത്തെ കുറിച്ച് സംസാരിക്കുകയാണ് ബ്ലെസി.
സിനിമ പാരഡിസോ എന്ന ഇറ്റാലിയന്‍ സിനിമയില്‍ കാണുന്നത് പോലെയൊരു കുട്ടിക്കാലമായിരുന്നു തന്റേതെന്നും പലപ്പോഴും കിളിവാതിലിലൂടെ സിനിമകള്‍ കണ്ടിട്ടുണ്ടെന്നും ബ്ലെസി പറയുന്നു. തന്റെ അമ്മ കുട്ടിക്കാലത്ത് എന്താകാനാണ് ആഗ്രഹമെന്ന് ചോദിക്കാറുണ്ടായിരുന്നുവെന്നും സിനിമ സംവിധായകന്‍ എന്നായിരുന്നു തന്റെ മറുപടിയെന്നും ബ്ലെസി പറയുന്നു.
ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമ പാരഡിസോയില്‍ കാണുന്ന പോലതന്നെയായിരുന്നു ഞാന്‍. എപ്പോള്‍ വേണമെങ്കിലും ഓപ്പറേറ്ററുടെ അടുത്ത് പോയി അവിടെയുള്ള കിളിവാതിലിലൂടെ സിനിമ കാണാം. ഫിലിംസ്ട്രിപ്പുകള്‍ കൊണ്ട് വന്ന് ബള്‍ബ് പൊട്ടിച്ച് വെള്ളം ഒഴിച്ച് ലെന്‍സാക്കുന്നതൊക്കെ നമ്മള്‍ കുട്ടികാലത്ത് ചെയ്യുന്ന കാര്യങ്ങളാണ്.
അഞ്ചാം ക്ലാസിലോ ആറാം ക്ലാസിലോ പഠിക്കുമ്പോളാണ് എന്റെ അമ്മ എന്നോട് വലുതാകുമ്പോള്‍ നിനക്ക് എന്താകാനാണ് ആഗ്രഹമെന്ന് ചോദിക്കുന്നത്. സിനിമ സംവിധായകനാകണമെന്ന് ഞാന്‍ അമ്മയോട് പറഞ്ഞു,’ ബ്ലെസി പറയുന്നു.
Content Highlight: Blessy about his passion on film making