കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരില്‍ പടക്കശാലയ്ക്ക് തീപിടിച്ച് 11 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം . ശക്തമായ പൊട്ടിത്തെറിയില്‍ പടക്കനിര്‍മ്മാണ ശാല പൂര്‍ണമായും തകര്‍ന്നു സമീപത്തെ വീടുകള്‍ക്കും കേടുപാടുകളുണ്ടായി. അതേസമയം ഇവിടെ ബോംബുകള്‍ നിര്‍മ്മിക്കുന്നതിനിടെയാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.
മരിച്ചവരുടെയെല്ലാം മൃതദേഹങ്ങള്‍ ചിതറിത്തെറിച്ച നിലയിലാണ്. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഈ നിര്‍മ്മാണശാലയില്‍ ബോബ് നിര്‍മ്മാണം നടന്നിരുന്നുവെന്നും നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. നിര്‍മ്മാണ ശാലയുടെ ഉടമയായ രാം മെയ്തി പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ ബോംബ് നിര്‍മ്മാണത്തിനായി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
അതേസമയം അപകടത്തില്‍ രാം മെയ്തിയും കുടുംബവും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇയാള്‍ ഒളിവില്‍ പോയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥലത്ത് പോലീസ് പരിശോധന നടത്തി വരികയാണ് ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.