പറവൂര്‍: പ്രളയക്കെടുതിയ്ക്ക് ശേഷം ഭക്ഷ്യക്ഷാമവും കരിഞ്ചന്തയും വ്യാപിക്കുന്നതിനിടെ ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്ത് വില്‍ക്കാന്‍ സംസ്ഥാനത്തെ ചില വ്യാപാര സ്ഥാപനങ്ങള്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
പറവൂരിനടുത്ത് കണ്ണന്‍ചക്കശ്ശേരിയില്‍ മഴവെള്ളത്തില്‍ നശിച്ച ഭക്ഷ്യവസ്തുക്കള്‍ ഉണക്കിവില്‍ക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇവ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ആളംതുരുത്ത് കണ്ണന്‍ചക്കശേരില്‍ സൈനബ സുലൈമാന്റെ ഉടമസ്ഥതയിലുള്ള നാസ് അസോസിയേറ്റ്സില്‍ നിന്നാണ് ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തത്. 58 ചാക്ക് മല്ലി, 54 ചാക്ക് മുളക്, 25 ചാക്ക് മഞ്ഞള്‍, അഞ്ച് ചാക്ക് കുടംപുളി, നാല് ചാക്ക് പച്ചരി, നാല് ചാക്ക് ചെളി കയറിയ മുളക് എന്നിവയാണ് പിടിച്ചെടുത്തത്.
തൊഴിലാളികളെ ഉപയോഗിച്ച് ഇവ ഉണക്കിപ്പൊടിച്ച് പായ്ക്കറ്റിലാക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് ആര്‍.ഡി.ഒ എസ് ഷാജഹാന്റെയും പറവൂര്‍ തഹസില്‍ദാര്‍ എം.എച്ച് ഹരീഷിന്റെയും നേതൃത്വത്തില്‍ പരിശോധനയ്‌ക്കെത്തിയത്.
മഴവെള്ളം കയറി നശിച്ച ഭക്ഷ്യവസ്തുക്കള്‍ വീണ്ടും ഉണക്കി ഉപയോഗിക്കരുതെന്നും വില്‍പ്പന നടത്തരുതെന്നും തഹസില്‍ദാര്‍ എം.എച്ച് ഹരീഷ് പറഞ്ഞു. ഇത് പിടികൂടുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മഴവെള്ളത്തില്‍ കുതിര്‍ന്ന അരിയും പലവ്യജ്ഞനങ്ങളും ഉണക്കിപ്പൊടിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇതേതേതുടര്‍ന്ന് പിടിച്ചെടുത്ത് ഭക്ഷ്യസാധനങ്ങള്‍ ദേശീയ പാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്ത് കുഴിച്ച് മൂടുകയായിരുന്നു.