Advertisement
national news
മോദിയുടെ നേതൃത്വത്തിന് കീഴില്‍ ബി.ജെ.പി ടൈറ്റാനിക് പോലെ മുങ്ങിത്താഴും; ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 15, 02:46 pm
Monday, 15th July 2024, 8:16 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. മോദി നേതൃത്വത്തില്‍ തുടര്‍ന്നാല്‍ ബി.ജെ.പി ടൈറ്റാനിക് പോലെ മുങ്ങിത്താഴുമെന്നാണ് അദ്ദേഹം പറഞ്ഞത്. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ടൈറ്റാന്റിക് കപ്പല്‍ പോലെ നമ്മുടെ പാര്‍ട്ടി മുങ്ങുന്നത് കാണാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നുവെങ്കില്‍ മോദിയാണ് നേതൃനിരയില്‍ തുടരാന്‍ ഏറ്റവും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പുറത്തുവന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ത്യാ മുന്നണിക്ക് അനുകൂലമായതിന് പിന്നാലെയാണ് പരസ്യ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

ഇന്ത്യ മുന്നണി 13ല്‍ 10 സീറ്റും നേടിയപ്പോള്‍ ബി.ജെ.പിക്ക് ആകെ നേടാനായത് രണ്ട് സീറ്റാണ്.

ഇതിന് മുമ്പും മോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സുബ്രഹ്‌മണ്യന്‍ സ്വാമി രംഗത്തെത്തിയിട്ടുണ്ട്. മോദി സര്‍ക്കാര്‍ ജൂണ്‍ 25 ഭരണഘടനാ കൊലപാതക ദിനമായി  പ്രഖ്യാപിച്ചപ്പോള്‍ അതിനെ സുബ്രഹ്‌മണ്യന്‍ സ്വാമി വിമര്‍ശിച്ചിരുന്നു. അടിയന്തരാവസ്ഥാ കാലത്ത് എന്ത് സംഭാവനയാണ് മോദിയും അമിത് ഷായും നല്‍കിയതെന്നാണ് അന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചത്.

ക്രെഡിറ്റ് തട്ടിയെടുക്കുന്നത് ഒരു മോശം സ്വഭാവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024ലെ ലോക്‌സഭാ ഫലം വിനാശകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനാധിപത്യത്തില്‍ ആര്‍ക്കും ജനങ്ങളെ നിസാരമായി കാണാനാകില്ലെന്ന് മോദി മനസിലാക്കിയില്ലെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ മുന്നണിയില്‍ ടി.എം.സിയും, കോണ്‍ഗ്രസും നാല് സീറ്റുകള്‍ വീതം നേടി. എ.എ.പിയും ഡി.എം.കെയും ഓരോ സീറ്റും നേടി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അയോധ്യയില്‍ ബി.ജെ.പിയുടെ തോല്‍വിക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ ബദരിനാഥ് സീറ്റും ബി.ജെ.പിക്ക് നഷ്ടമായി.

Content Highlight: BJP will sink like Titanic with Modi in command: Subramanian Swamy