കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും രൂക്ഷ പരാമര്‍ശവുമായി സംസ്ഥാന ബി.ജെ.പി നേതാവ് രാജു ബാനര്‍ജി.
സംസ്ഥാനത്തെ പൊലീസ് സേന ഗുണ്ടാ രാജിനെ കുറിച്ച് അന്വേഷിക്കാനോ നടപടിയെടുക്കാനോ തയ്യാറാകുന്നില്ലെന്നും സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഈ പൊലീസിനെ ചെരുപ്പ് നക്കിപ്പിക്കുന്നവരാക്കി മാറ്റുമെന്നുമായിരുന്നു രാജു ബാനര്‍ജി പറഞ്ഞത്.
ചൊവ്വാഴ്ച ദുര്‍ഗാപൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേയായിരുന്നു പൊലീസിനെതിരായ രാജു ബാനര്‍ജിയുടെ അധിക്ഷേപകരമായ പരാമര്‍ശം.
‘പശ്ചിമ ബംഗാളില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ, സംസ്ഥാനത്ത് ‘ഗുണ്ട രാജ്’ നടപ്പിലാവുമോ? പൊലീസ് ഒരു സഹായവും നല്‍കുന്നില്ല. അത്തരം പൊലീസ് ഉദ്യോഗസ്ഥരെ എന്തുചെയ്യണം? ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ അവരെക്കൊണ്ട് ചെരുപ്പ് നക്കിക്കും,’ എന്നായിരുന്നു ബി.ജെ.പി നേതാവ് പറഞ്ഞത്.
മമത ബാനര്‍ജി സര്‍ക്കാരിനു കീഴില്‍ ബംഗാളില്‍ ക്രമസമാധാന നില തകര്‍ന്നെന്ന് ആരോപിച്ച് ബി.ജെ.പി നേതാക്കള്‍ പ്രതിഷേധിച്ചിരുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്കായി മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ലെന്നും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും ബംഗാളിന്റെ ചുമതലയുള്ള നേതാവുമായ കൈലാഷ് വിജയവര്‍ഗിയ പറഞ്ഞിരുന്നു.
രാജ്യത്ത് മുഴുവന്‍ നിലനില്‍ക്കുന്ന പല നിയമങ്ങളും ഇവിടെ ബാധകമല്ല. ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റേതായ ചില നിയമങ്ങളാണ് നടപ്പിലാകുന്നത് എന്നായിരുന്നു വിജയവര്‍ഗിയയുടെ വിമര്‍ശനം.
‘ബംഗാളില്‍ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടെങ്കിലും സംസ്ഥാനത്തെ സ്ത്രീകള്‍ സുരക്ഷിതരല്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബംഗാളിലെ സ്ത്രീ സുരക്ഷ ഏറ്റവും മോശമാണ്. ക്രമസമാധാന സ്ഥിതി സംസ്ഥാനത്ത് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്,’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക