കൊച്ചി: മുത്തലാഖ് വിഷയം ചര്‍ച്ച ചെയ്യുന്ന വേളയില്‍ പാര്‍ലമെന്റില്‍ എത്താതിരുന്നതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ നേരിടുന്ന മുസ്‌ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണയുമായി ബി.ജെ.പി. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ച ഈ വികാരം പരസ്യമായി പ്രകടിപ്പിക്കാന്‍ കൂടുതല്‍ ആള്‍ക്കാര്‍ രംഗത്തുവരണമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശ് ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.
മുത്തലാഖ് വിഷയവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗില്‍ ഉണ്ടായിട്ടുള്ള ഭിന്നസ്വരം സ്വാഗതാര്‍ഹമാണ്. മുത്തലാഖ് എന്ന സാമൂഹ്യ വിപത്തിനെതിരെ നിയമം കൊണ്ടുവന്ന നരേന്ദ്രമോദി സര്‍ക്കാരിനെ എതിര്‍ക്കുന്നത് മതഭ്രാന്തന്‍മാരും യാഥാസ്ഥിതികരും മാത്രമാണ്. പുരോഗമനപരമായി ചിന്തിക്കുന്ന ആര്‍ക്കും ഇതിനെ എതിര്‍ക്കാനാവില്ലെന്ന കാര്യം സുവ്യക്തമാണ്. ഈ സാഹചര്യത്തിലാണ് മുസ്‌ലിം ലീഗില്‍ ഉണ്ടായിട്ടുള്ള ഭിന്നിപ്പിനെ നാം കാണേണ്ടതെന്നാണ് എം.ടി രമേശ് പറയുന്നത്.
അപരിഷ്‌കൃതമായ ഈ ആചാരത്തില്‍ നിന്ന് മുസ്‌ലിം സ്ത്രീകളെ കരകയറ്റണമെന്ന ലീഗിലെ ഒരു വിഭാഗത്തിന്റെ ചിന്ത പുരോഗമനകരമാണ്. വോട്ടെടുപ്പില്‍ നിന്നു വിട്ട്‌നിന്ന് കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ച ഈ വികാരം പരസ്യമായി പ്രകടിപ്പിക്കാന്‍ കൂടുതല്‍ ആള്‍ക്കാര്‍ രംഗത്തു വരണം.
മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണത്തിന് അനുഗുണമായ ഈ നിലപാട് എല്ലാവരും സ്വീകരിക്കേണ്ടതാണ്. രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുമ്പോഴും സ്വസമുദായത്തിലെ സ്ത്രീകളുടെ ഉന്നമനമാണ് ലക്ഷ്യമെങ്കില്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ മോദി സര്‍ക്കാരിനെ മനസ്സു കൊണ്ടെങ്കിലും അനുകൂലിക്കാതിരിക്കാന്‍ കഴിയില്ലെന്നും എ.ടി രമേശ് അഭിപ്രായപ്പെട്ടു.
മുത്തലാഖ് ബില്ലില്‍ ചര്‍ച്ച നടക്കുന്ന ദിവസം ലോക്‌സഭയില്‍ പോകാതെ വിദേശ വ്യവസായിയുടെ മകന്റെ വിവാഹവിരുന്നിന് പോയ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി ഇതിനകം വിവാദമായിരുന്നു. മുസ്‌ലിം ലീഗിനൊപ്പമുള്ള സമുദായ സംഘടനകള്‍ പോലും ഇതിനെതിരെ രംഗത്തെത്തിയതോടെ കുഞ്ഞാലിക്കുട്ടി പ്രതിരോധത്തിലായിരിക്കുകയാണ്.
Also read:കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് ഐ.എന്‍.എല്‍ മാര്‍ച്ച്
വോട്ടെടുപ്പ് ഉണ്ടാവില്ലയെന്ന ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തന്റെ വോട്ടിന് അവിടെ പ്രസക്തിമല്ല എന്നുള്ള വിശദീകരണമാണ് കുഞ്ഞാലിക്കുട്ടി നല്‍കിയത്. പക്ഷേ അത് പാര്‍ട്ടിയോ അണികളോ നേതൃത്വമോ അംഗീകരിച്ചിട്ടില്ല. ഈ അവസരം മുതലെടുത്ത് ഐ.എന്‍.എല്ലും പാര്‍ട്ടിക്കുള്ളിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരിയും കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
കുഞ്ഞാലിക്കുട്ടിയുടെ വോട്ടായിരുന്നില്ല സാന്നിധ്യമായിരുന്നു അവിടെ പ്രധാനമെന്നായിരുന്ന് അദ്ദേഹം തിരിച്ചറിയണമെന്നാണ് ഇവര്‍ പറയുന്നത്.
മുത്തലാഖ് ബില്ലിന്മേല്‍ ചര്‍ച്ച നടക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ സുഹൃത്തിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തിലായിരുന്നു. അതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.
ഇതാദ്യമായല്ല കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു വീഴ്ചയുണ്ടാവുന്നത്. നേരത്തെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പു നടക്കുന്ന സമയത്തും കുഞ്ഞാലിക്കുട്ടി സഭയില്‍ എത്തിയിരുന്നില്ല.