ന്യൂദല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ശക്തമാക്കി ബി.ജെ.പി. എം.പി. സുബ്രഹ്മണ്യന്‍ സ്വാമി. ഒന്നും ഒളിച്ചുവെക്കാന്‍ ഇല്ലെങ്കില്‍ പെഗാസസിന്റെ സത്യാവസ്ഥ ചോദിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രിക്ക് കത്തയക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
‘നമുക്ക് ഒന്നും ഒളിച്ചുവെക്കാനില്ലെങ്കില്‍ പിന്നെ, ഇസ്രാഈല്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് എന്‍.എസ്.ഒയുടെ പെഗാസസ് പ്രോജക്ടിന്റെ സത്യാവസ്ഥയെന്താണെന്ന് മോദി ചോദിക്കണം. ആരാണ് ഇതിനുവേണ്ടി പണം ചെലവാക്കിയതെന്നും ചോദിക്കണം,’ സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.
കേന്ദ്രമന്ത്രിമാരുടെ അടക്കം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിയാളുകളുടെ ഫോണുകള്‍ പെഗാസസ് ചോര്‍ത്തിയതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പെഗാസസ് വിവാദം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച ചാര സോഫ്റ്റ് വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്‌വേര്‍ഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.
വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തലിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വെയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.
If we have nothing to hide, then Modi should write to Israeli PM and seek the truth about the NSO’s Pegasus project including who paid for it.
പെഗാസസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമസ്ഥാപനങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോര്‍ത്തിയത് എന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം.
പല രാജ്യങ്ങളിലും ഭരണകൂടങ്ങള്‍ തന്നെ ഇസ്രഈല്‍ ചാര സോഫ്റ്റ് വെയര്‍ വിലയ്ക്ക് വാങ്ങി തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോണ്‍ ചോര്‍ത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി ചോര്‍ത്തപ്പെട്ടത്.
2019ലാണ് പെഗാസസ് സോഫ്റ്റ് വെയര്‍ ആഗോളതലത്തില്‍ ചര്‍ച്ചയാവുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോര്‍ന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്‌സ്ആപ്പ് യു.എസ്. ഫെഡറല്‍ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോര്‍ത്തല്‍ അന്ന് പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തില്‍ ഇന്ത്യക്കാരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുമായി ചില വാര്‍ത്തകള്‍ വന്നിരുന്നു.