'എന്റെ വീടിന് തീവെച്ചയാളാണ്, ബി.ജെ.പിയില്‍ എടുക്കരുത്'; മുന്‍ ബി.എസ്.പി നേതാവിന് പാര്‍ട്ടി അംഗത്വം നല്‍കിയതിനെതിരെ ബി.ജെ.പി എം.പി
national news
'എന്റെ വീടിന് തീവെച്ചയാളാണ്, ബി.ജെ.പിയില്‍ എടുക്കരുത്'; മുന്‍ ബി.എസ്.പി നേതാവിന് പാര്‍ട്ടി അംഗത്വം നല്‍കിയതിനെതിരെ ബി.ജെ.പി എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th August 2021, 10:11 am

ലഖ്‌നൗ: മുന്‍ ബി.എസ്.പി നേതാവ് ജിതേന്ദ്ര സിംഗ് ബബ്ലുവിനെ ബി.ജെ.പിയില്‍ എടുക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തി ബി.ജെ.പി എം.പി റിത ബഹുഗുണ ജോഷി. തന്റെ എതിര്‍പ്പ് ബി.ജെ.പി നേതൃത്വത്തെ അറിയിക്കുമെന്നും തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന് പറയുമെന്നും റിത ബഹുഗുണ ജോഷി പറഞ്ഞു.

2009ല്‍ തന്റെ വീടിന് തീവെച്ചയാളാണ് ജിതേന്ദ്ര സിംഗെന്നും ഇതിന്റെ പേരില്‍ ക്രിമിനല്‍ കേസ് നേരിടുന്ന ഇയാളെ ബി.ജെ.പിയില്‍ എടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് റിത ജോഷി പറഞ്ഞിരിക്കുന്നത്. ബബ്ലുവിന് നല്‍കിയ ബി.ജെ.പി അംഗത്വം റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം.

‘2009 ജൂലൈയില്‍, ഞാന്‍ മൊറാദാബാദ് ജയിലിലടക്കപ്പെട്ടിരുന്ന സമയത്ത് ആളുകളെയും കൂട്ടി വന്ന് എന്റെ വീടിന് തീവെച്ചയാളാണ് ജിതേന്ദ്ര. സംഭവത്തില്‍ നടന്ന അന്വേഷണത്തില്‍ ജിതേന്ദ്രയെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ഇയാള്‍ ബി.ജെ.പിയില്‍ എത്തിയിരിക്കുന്നത് കണ്ട് ഞാന്‍ ഞെട്ടിയിരിക്കുകയാണ്,’ റിത ജോഷി പറഞ്ഞു.

മായാവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു റിത ജോഷിയുടെ വീടിന് തീവെച്ച സംഭവം നടന്നത്. മായാവതിക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ലഖ്‌നൗവിലെ റിത ജോഷിയുടെ വീടിന് ഒരു കൂട്ടം ബി.എസ്.പി പ്രവര്‍ത്തകര്‍ തീവെക്കുകയായിരുന്നു. ഇവരെ നയിച്ചത് ജിതേന്ദ്ര ബബ്ലുവാണെന്നാണ് റിത ജോഷി പറയുന്നത്.

ഇക്കാര്യങ്ങളെല്ലാം ജിതേന്ദ്ര ബി.ജെ.പിയില്‍ നിന്നും മറച്ചുവെച്ചിരിക്കുകയാണെന്നും നേതൃത്വത്തെ ഇരുട്ടില്‍ നിര്‍ത്തിയിരിക്കുകയാണെന്നും റിത കൂട്ടിച്ചേര്‍ത്തു.

‘ബി.ജെ.പിയുടെ വാതിലുകള്‍ എല്ലാവര്‍ക്കും വേണ്ടി തുറന്നുവെച്ചിരിക്കുകയാണ്. ബബ്ലുവിന്റെ ക്രിമിനല്‍ നടപടികള്‍ നിറഞ്ഞ ഭൂതകാലത്തെ കുറിച്ച് ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷന് അറിയില്ലായിരിക്കും,’ റിത ജോഷി പറഞ്ഞു.

ബുധനാഴ്ചയാണ് ബബ്ലുവും ബി.എസ്.പിയിലെയും കോണ്‍ഗ്രസിലെയും മറ്റു ചില നേതാക്കളും ബി.ജെ.പിയില്‍ ചേര്‍ന്നത്. സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിംഗ് പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു ഇവര്‍ക്ക് ബി.ജെ.പി അംഗത്വം നല്‍കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: BJP MP Objects To Induction Of Ex-BSP MLA Into Party, Cites “Criminal Background”