കര്‍ണാടകയില്‍ ബി.ജെ.പിയുടെ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായി: സുര്‍ജേവാല
national news
കര്‍ണാടകയില്‍ ബി.ജെ.പിയുടെ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായി: സുര്‍ജേവാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th April 2023, 8:43 am

ന്യൂദല്‍ഹി: കര്‍ണാടകയില്‍ ബി.ജെ.പിയുടെ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ പൊതുജനങ്ങളുടെ രോഷത്തെ അവര്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ദല്‍ഹിയിലെ വസതിയില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷം ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കവെയാണ് സുര്‍ജേവാല ഇക്കാര്യങ്ങള്‍ പറഞ്ഞത്. കര്‍ണാടക സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള നേതാവാണ് സുര്‍ജേവാല.

‘കര്‍ണാടകയില്‍ ബി.ജെ.പിയുടെ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായിരിക്കുകയാണ്. വരുന്ന ഇലക്ഷനില്‍ ജനങ്ങള്‍ അവരെ ഒരു പാഠം പഠിപ്പിക്കും,’ സുര്‍ജേവാല പറഞ്ഞു.

തങ്ങള്‍ ബി.ജെ.പിയേക്കാള്‍ വളരെ മുമ്പ് തന്നെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടെന്ന് അവകാശപ്പെട്ട സുര്‍ജേവാല അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും വ്യക്തമാക്കി. . ബി.ജെ.പിയില്‍ അപമാനിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പല നേതാക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അവരുടെ സിറ്റിങ് എം.എല്‍.എമാര്‍ അപമാനിക്കപ്പെടുകയാണ്. 40 ശതമാനം കമ്മീഷന്‍ ഗവണ്‍മെന്റില്‍ ഇപ്പോള്‍ 40 ശതമാനം വിമതരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് തങ്ങള്‍ കുടുംബവാഴ്ചക്ക് എതിരാണെന്നാണ്. എന്നാല്‍ അവര്‍ ഇരുപതിലധികം കുടുംബക്കാര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ട്. അവരുടെ ഉപമുഖ്യമന്ത്രിയായിരുന്ന ലക്ഷ്മണ്‍ സവാദി പോലും പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് കഴിഞ്ഞു,’ സുര്‍ജേവാല പറഞ്ഞു.

‘മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്ന എല്ലാവര്‍ക്കും ഞങ്ങള്‍ ഇടം കൊടുക്കും, എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് മുന്‍ഗണന. അവരാണ് പാര്‍ട്ടിക്കായി കഠിനമായി അധ്വാനിച്ചിട്ടുള്ളത്, ത്യാഗങ്ങള്‍ സഹിച്ചത്,’ സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിക്കാര്‍ കര്‍ണാടകയുടെ സംസ്‌കാരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സുര്‍ജേവാല ആരോപിച്ചു.

‘കര്‍ണാടക എന്ന ബ്രാന്‍ഡിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പി. ചില സമയങ്ങളില്‍ അവര്‍ അമൂല്‍-നന്ദിനി തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലാകും മറ്റു ചിലപ്പോള്‍ സി.ആര്‍.പി.എഫ് പരീക്ഷയില്‍ നിന്ന് കന്നഡ ഭാഷയെ ഒഴിവാക്കുന്ന തിരക്കിലാകും. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ഒരു നിയമം അവര്‍ പാസാക്കി. ഞങ്ങള്‍ ശ്രമിക്കുന്നത് കര്‍ണാടക ബ്രാന്‍ഡിനെ തിരിച്ചു പിടിക്കാനാണ്,’ സുര്‍ജേവാല പറഞ്ഞു.

മെയ് പത്തിനാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13ന് വോട്ടെണ്ണല്‍ നടക്കും.

Content Highlights: BJP has lost all control in Karnataka: Surjewala