മോദിയെ വിമര്‍ശിക്കുന്നവരെ സോഷ്യല്‍ മീഡിയ വഴി ആക്രമിക്കാന്‍ ബി.ജെ.പി നിര്‍ദേശിച്ചു: ബര്‍ക്ക ദത്തും ആമിര്‍ഖാനും ഇരയായവര്‍: വെളിപ്പെടുത്തലുമായി ബി.ജെ.പിയുടെ മുന്‍ വളണ്ടിയര്‍
Daily News
മോദിയെ വിമര്‍ശിക്കുന്നവരെ സോഷ്യല്‍ മീഡിയ വഴി ആക്രമിക്കാന്‍ ബി.ജെ.പി നിര്‍ദേശിച്ചു: ബര്‍ക്ക ദത്തും ആമിര്‍ഖാനും ഇരയായവര്‍: വെളിപ്പെടുത്തലുമായി ബി.ജെ.പിയുടെ മുന്‍ വളണ്ടിയര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th December 2016, 3:36 pm

dutt


പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ യൂണിറ്റിലെ മുതിര്‍ന്ന അംഗങ്ങളാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നത്. ഇവരില്‍ നിന്നും നേരിട്ടു നിര്‍ദേശം ലഭിക്കുന്ന നൂറോളം ബി.ജെ.പി പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു താന്‍ എന്നും അവര്‍ പറയുന്നു.


ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമര്‍ശിക്കകുന്ന നടന്മാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്കെതിരെയുള്ള സോഷ്യല്‍ മീഡിയ ട്രോളുകള്‍ ബി.ജെ.പിക്കുള്ളില്‍ നിന്നും കോഡിനേറ്റ് ചെയ്യുന്നതാണെന്ന വെളിപ്പെടുത്തലുമായി പുസ്തകം. ബി.ജെ.പി വളണ്ടിയറായി പ്രവര്‍ത്തിച്ചിരുന്ന സാധവി ഖോല്‍സയാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകയായ സ്വാതി ചതുര്‍വേദിയുടെ “ഞാനൊരു ട്രോള്‍” (I am a troll” )എന്ന പുസ്തകത്തിലൂടെയാണ് ഖോല്‍സ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വ്യാഴാഴ്ചയാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. ആളുകളെ അധിക്ഷേപിക്കാനായി ഉപയോഗിക്കുന്ന ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ബി.ജെ.പിയും തമ്മിലുള്ള ബന്ധം അന്വേഷിക്കുകയാണ് ഞാനൊരു ട്രോള്‍ എന്ന പുസ്തകത്തിലൂടെ സ്വാതി ചെയ്തിരിക്കുന്നത്.


Also Read: 2016ലെ പത്തു വ്യാജവാര്‍ത്തകള്‍: മിക്കതും സംഘപരിവാര്‍ അനുകൂലവാര്‍ത്തകള്‍


2014ല്‍ നരേന്ദ്രമോദിക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചരവേളയില്‍ മോദിയെയും ബി.ജെ.പിയെയും വിമര്‍ശിക്കുന്ന സുപ്രധാന വ്യക്തിത്വങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ കാമ്പെയ്ന്‍ സംഘടിപ്പിച്ചതായും ഖോല്‍സ വെളിപ്പെടുത്തുന്നു. കാണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ബോളിവുഡ് താരം ആമിര്‍ ഖാന്‍ തുടങ്ങിയവര്‍ക്കെതിരെയുളള ട്രോളുകള്‍ ഇത്തരത്തില്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണെന്ന് പുസ്തകത്തില്‍ ഖോല്‍സ വിശദീകരിക്കുന്നു.

2013ന്റെ അവസാനങ്ങളിലാണ് ഇത്തരമൊരു രീതി ബി.ജെ.പിക്കുള്ളില്‍ ആരംഭിച്ചതെന്നാണ് ഖോല്‍സ പറയുന്നത്. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ യൂണിറ്റിലെ മുതിര്‍ന്ന അംഗങ്ങളാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നത്. ഇവരില്‍ നിന്നും നേരിട്ടു നിര്‍ദേശം ലഭിക്കുന്ന നൂറോളം ബി.ജെ.പി പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു താന്‍ എന്നും അവര്‍ പറയുന്നു.

വാട്‌സ്ആപ്പ് വഴിയാണ് നിര്‍ദേശം ലഭിക്കുക. കൂടാതെ ഡിജിറ്റല്‍ യൂണിറ്റിലെ മുതിര്‍ന്ന അംഗങ്ങള്‍ നേരിട്ടുവന്നു കാണാറുണ്ടെന്നും അവര്‍ വ്യക്തമാക്കി.

മോദിയെ അന്ധമായി ആരാധിച്ചിരുന്ന താന്‍ അന്ന് വളരെ ഉത്സാഹത്തോടെയാണ് രാഹുല്‍ഗാന്ധിയെയും സോണിയാഗാന്ധിയെയുമൊക്കെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി വിമര്‍ശിച്ചത്. ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ രജദീപ് സര്‍ദേശായി, ബര്‍ക്ക ദത്ത് തുടങ്ങിയവരെ ഇതുപോലെ അധിക്ഷേപിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. “വാസ്തവവിരുദ്ധമായ വാദങ്ങള്‍” നിരത്തി ഇവരെ ആക്രമിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് അത് ബുദ്ധിമുട്ടായി അനുഭവപ്പെട്ടെന്നും അവര്‍ പറയുന്നു.


Must Read:50,000രൂപ മാത്രമേ നിക്ഷേപിക്കാനാവൂ എന്നിരിക്കെ എന്റെ ജന്‍ ധന്‍ അക്കൗണ്ടില്‍ എങ്ങനെ 100കോടി എത്തി: പ്രധാനമന്ത്രിക്ക് യുവതിയുടെ കത്ത് 


” ന്യൂനപക്ഷങ്ങള്‍ക്കും ഗാന്ധി കുടുംബത്തിനും, മാധ്യമപ്രവര്‍ത്തകര്‍ക്കും, സ്വതന്ത്ര ചിന്തകര്‍ക്കും എന്നിങ്ങനെ മോദി വിരുദ്ധരായി മുദ്രകുത്തപ്പെടുന്ന ആര്‍ക്കെതിരെയും ഉള്ള ഒരിക്കലും അവസാനിക്കാത്ത മതഭ്രാന്തും വിദ്വേഷപ്രചരണവുമായിരുന്നു അത്. ” ഖോര്‍സയെ പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നു.

“ബര്‍ക്കാ ദത്തിനെപ്പോലുള്ള വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബലാത്സംഗഭീഷണി വന്നുകണ്ടപ്പോള്‍ എനിക്ക് അവരുടെ നിര്‍ദേശങ്ങള്‍ ഒട്ടും അനുസരിക്കാന്‍ കഴിയാത്ത അവസ്ഥയായി. ഒാരോ ദിവസവും പുതിയ ഒരാള്‍ ഇരയാവുന്നു. പലപ്പൊഴും അവര്‍ക്കെതിരെ ലൈംഗികമായ അവഹേളനങ്ങളും ബലാത്സംഗഭീഷണിയും വധഭീഷണിയുമൊക്കെ ആയപ്പോള്‍ ഒരു സ്ത്രീയെന്ന നിലയില്‍ എന്നെ അത് ശ്വാസംമുട്ടിച്ചു.” അവര്‍ പറയുന്നു.

ആമിര്‍ഖാനുമായുള്ള ബന്ധം സ്‌നാപ്പ്ഡീല്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുളള കുറിപ്പ് പ്രചരിപ്പിക്കണമെന്ന നിര്‍ദേശം ലഭിച്ചതിനു പിന്നാലെയാണ് താന്‍ ബി.ജെ.പി യൂണിറ്റ് വിട്ടതെന്നും ഖോല്‍സ വ്യക്തമാക്കി.

ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിക്കുന്നു എന്നഭിപ്രായപ്പെട്ടതിനാണ് ആമിര്‍ ഖാന്‍ ഹിന്ദുത്വവാദികളുടെ അപ്രീതിക്ക് പാത്രമായത്. ഹിന്ദുത്വശക്തികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആമിര്‍ഖാനുമായുള്ള കരാര്‍ അവസാനിപ്പിക്കുമെന്ന് സ്‌നാപ് ഡീല്‍ അറിയിച്ചിരുന്നു.