Advertisement
Kerala
വിരട്ടലും അഭ്യാസവുമൊന്നും ഇവിടെ വേണ്ട; നിയമലംഘകര്‍ക്കു മുന്നില്‍ നെഞ്ചുവിരിച്ചു നിന്ന യുവാവിന് അഭിനന്ദനപ്രവാഹം; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Nov 06, 12:47 pm
Monday, 6th November 2017, 6:17 pm

മധ്യപ്രദേശ്: റോഡിലെ നിയമലംഘനങ്ങള്‍ നമ്മുടെ നാട്ടില്‍ നിത്യസംഭവങ്ങളാണ്. പലരും ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്. ഇത്തരം നിയമ ലംഘനങ്ങള്‍ പലപ്പോഴും വന്‍ അപകടങ്ങള്‍ വരെ വിളിച്ചു വരുത്താറുണ്ടെന്നതും സത്യമാണ്.

എന്നാല്‍ മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയായ ഒരു ബൈക്ക് യാത്രികനായ യുവാവിന് ഈ നിയമ ലംഘനം അങ്ങനെ അവഗണിച്ച് കളയാന്‍ കഴിയുന്നതായിരുന്നില്ല. ട്രാഫിക് സിഗ്നലില്‍ നിന്ന് രക്ഷപ്പെടുന്നതിനായി റോങ് സൈഡിലൂടെ വന്ന ജീപ്പിന് മുന്നില്‍ തന്റെ ബൈക്ക് എതിരെ നിര്‍ത്തിയായിരുന്നു യുവാവിന്റെ പ്രതിഷേധം.

ജീപ്പിന് മുന്നില്‍ ബൈക്ക് കൊണ്ട് നിര്‍ത്തിയതിനെ തുടര്‍ന്ന് ജീപ്പ് ഡ്രൈവര്‍ ബൈക്ക് മാറ്റുന്നതിനായി പല അടവുകളും പയറ്റി നോക്കി. ഇടക്ക് ജീപ്പ് മുന്നിലേക്കെടുത്ത് ഭയപ്പെടുത്താനും ശ്രമം നടത്തി. എന്നാല്‍ ഇതിലൊന്നും പേടിക്കാതെ ഒരു കൂസലുമില്ലാതെ യുവാവ് നില്‍ക്കുകയായിരുന്നു.


Also ‘ടോയ്‌ലെറ്റിനോട് വൈ ദിസ് കൊലവെറി’;നിതീഷ്‌കുമാര്‍ ടോയ്‌ലെറ്റ് കള്ളനാണെന്ന് ലാലുപ്രസാദ് യാദവും മകനും


റോഡിലെ മറ്റാരും കാണിക്കാത്ത ധൈര്യമാണ് യുവാവ് കാണിച്ചത്. എന്നാല്‍ തുടര്‍ന്ന് ജീപ്പിന്റെ ഡ്രൈവര്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായി. അപ്പോള്‍ മാത്രമാണ് കണ്ട് നിന്നവര്‍ ഈക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായത്. എത്ര തല്ലി ചതച്ചിട്ടും പിന്‍മാറാന്‍ യുവാവ് തയ്യാറായിരുന്നില്ല. അവസാനം ജീപ്പ് പുറകോട്ട് എടുത്ത് നേരായ വഴിക്ക് തന്നെ ജീപ്പ് ഡ്രൈവര്‍ക്ക് പോകേണ്ടി വന്നു.

സമീപത്തെ വ്യാപര സമുച്ചയത്തിലെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. നിയമലംഘകര്‍ക്കെതിരെയുള്ള യുവാവിന്റെ പ്രതികരണത്തിന് സോഷ്യല്‍ മീഡിയയിലടക്കം വന്‍ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.