വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡന്‍ അധികാരമേറ്റ് ആഴ്ചകള്‍ പിന്നിട്ടിട്ടും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുനെ ടെലഫോണില്‍ ബന്ധപ്പെടാത്തത് ചര്‍ച്ചയാകുന്നതിനിടെ ബൈഡന്റെ കോളെത്തി. ജോ ബൈഡനും ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ സംസാരിച്ചുവെന്ന് ഇസ്രഈലി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ബൈഡന്‍ അധികാരമേറ്റതിന് ശേഷം ആദ്യമായാണ് മിഡില്‍ ഈസ്റ്റിലേക്ക് വിളിക്കുന്നത്. പ്രാദേശിക സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇരുവരും സംസാരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനും ചര്‍ച്ചാവിഷയമായി. കൂടുതല്‍ കാര്യങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യാനുണ്ടെന്നും ബൈഡന്‍ നെതന്യാഹുവിനോട് പറഞ്ഞു.
അറബ് രാജ്യങ്ങളുമായുള്ള സമാധാനക്കരാറിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബൈഡന്‍ അറിയിച്ചു. മിഡില്‍ ഈസ്റ്റ് മേഖലകളില്‍ സമാധാനം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ഇസ്രഈലി, ഫലസ്തീനി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനെക്കുറിച്ചും ഇരുവരും തമ്മില്‍ സംസാരിച്ചു.
ബൈഡന്‍ അധികാരമേറിയതിന് പിന്നാലെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാദ്മിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുമായി സംസാരിച്ചിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്നും വ്യത്യസ്തമായിരിക്കും തന്റെ നയം എന്ന സൂചന നല്‍കാനാണ് ബൈഡന്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ വിളിക്കാത്തത് എന്ന വാദങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ കോള്‍ വൈകിയതിന് പിന്നാലെ ഉയര്‍ന്നിരുന്നു.
അതേസമയം സമൂഹമാധ്യമങ്ങളില്‍ ഈ വാര്‍ത്ത ചര്‍ച്ചയാകുന്നതിന് പിന്നാലെ ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല എന്ന വിധത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇസ്രഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
” ലോകത്ത് 195 രാജ്യങ്ങളുണ്ട്. ഇതില്‍ 188 രാജ്യങ്ങളിലെ ഭരണാധികാരികളെയും ബൈഡന്‍ വിളിച്ചിട്ടില്ല,” എന്നാണ് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.
ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് അവസാന നാളുകളില്‍ ഇസ്രഈല്‍ യു.എസ് ബന്ധം വഷളായിരുന്നു. ഇറാനുമായി ബരാക് ഒബാമ അവസാനകാലത്ത് ആണവകരാറില്‍ ഒപ്പുവെച്ചതായിരുന്നു ഇസ്രഈലുമായുള്ള ബന്ധം വഷളാകാന്‍ ഇടയാക്കിയത്.
നേരത്തെ ഇറാനുമായുള്ള ആണവകരാറില്‍ മടങ്ങിയെത്തുമെന്ന സൂചനയും ബൈഡന്‍ നല്‍കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ബൈഡന്‍ അന്തിമ നിലപാട് എടുക്കാന്‍ വൈകുന്നതില്‍ ഇറാനില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇസ്രഈല്‍-ഫലസ്തീന്‍ തര്‍ക്കങ്ങളില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകളെ പ്രസിഡന്റ് ജോ ബൈഡന്‍ തിരുത്തിയിരുന്നു. ഇസ്രഈല്‍, ഫലസ്തീന്‍ എന്നീ രണ്ടു രാജ്യങ്ങള്‍ സ്ഥാപിച്ചുകൊണ്ട് വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കത്തിന് പരിഹാരം കാണുക എന്ന നിര്‍ദേശത്തെ ബൈഡന്‍ സര്‍ക്കാര്‍ പിന്തുണക്കുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള യു.എസ് പ്രതിനിധി സെക്യൂരിറ്റി കൗണ്‍സിലിനോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
1967ല്‍ യുദ്ധത്തിലൂടെ ഇസ്രഈല്‍ പിടിച്ചെടുത്ത ഭാഗങ്ങളും വെസ്റ്റ് ബാങ്കും ഗാസ മുനമ്പും അടങ്ങുന്ന ഭൂഭാഗങ്ങളെയെല്ലാം ചേര്‍ത്ത് രാജ്യമായി പ്രഖ്യാപിക്കണമെന്നതാണ് ഫലസ്തീന്റെ ആവശ്യം. കിഴക്കന്‍ ജെറുസലേം ഫലസ്തീന്റെ തലസ്ഥാനമായിരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഫലസ്തീന്റെ ഈ ആവശ്യത്തെ അവഗണിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ സമാധാന കരാര്‍.
1967ല്‍ പിടിച്ചെടുത്ത ഭാഗങ്ങള്‍ തങ്ങളുടേതായി അംഗീകരിക്കണമെന്നും ജെറുസലേമിനെ തലസ്ഥാനമാക്കി പ്രഖ്യാപിക്കണമെന്നുമുള്ള ഇസ്രഈലിന്റെ ആവശ്യത്തെ പരിഗണിച്ചു കൊണ്ടു മാത്രമുള്ള സമാധാന കരാറിനായിരുന്നു ട്രംപ് പിന്തുണ പ്രഖ്യാപിച്ചത്. ഫലസ്തീനുമായി ചര്‍ച്ച പോലും നടത്താതെ തയ്യാറാക്കി നടപ്പിലാക്കാന്‍ ശ്രമിച്ച ഈ കരാര്‍ വലിയ പരാജയമായിരുന്നു. ഇതിന് പിന്നാലെ തര്‍ക്ക പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതിനുള്ള നടപടികളും ഇസ്രഈലും ആരംഭിച്ചിരുന്നു.
ട്രംപിന്റെ ഈ നിലപാടുകളെയെല്ലാം പുറന്തള്ളി കൊണ്ടാണ് യു.എസ് രംഗത്തെത്തിയത് ഇസ്രഈലില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ”ഏകപക്ഷീയമായ നടപടികള്‍ ഒഴിവാക്കണമെന്ന് ഇസ്രാഈലിനോടും ഫലസ്തീനോടും ആവശ്യപ്പെടും. രണ്ട് രാജ്യങ്ങളെന്ന പരിഹാരത്തിന് തടസ്സം സൃഷ്ടിക്കുന്ന ഭൂഭാഗങ്ങള്‍ പിടിച്ചെടുത്ത് രാജ്യത്തിന്റെ ഭാഗമാക്കല്‍, പാര്‍പ്പിടങ്ങള്‍ പണിയല്‍, ആക്രമണത്തിന് പ്രേരിപ്പിക്കല്‍, വസ്തുവകകള്‍ തകര്‍ക്കല്‍, തടവിലായവര്‍ക്ക് നഷ്ടപരിഹാരം നല്‍കല്‍ തുടങ്ങിയ നടപടികളില്‍ നിന്നെല്ലാം മാറിനില്‍ക്കണമെന്ന് ഇരുവരോടും ആവശ്യപ്പെടും.’ ഐക്യരാഷ്ട്രസഭയിലെ യു.എസ് പ്രതിനിധി റിച്ചാര്‍ഡ് മില്‍സ് പറഞ്ഞിരുന്നു.