national news
ഭോപ്പാല്‍ ദുരന്തം; 40 വര്‍ഷം പഴക്കമുള്ള രാസമാലിന്യം സംസ്‌കരിക്കാന്‍ കോടതി അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 18, 11:14 am
Tuesday, 18th February 2025, 4:44 pm

ഭോപ്പാല്‍: 40 വര്‍ഷം പഴക്കമുള്ള രാസമാലിന്യം സംസ്‌കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് മധ്യപ്രദേശ് ഹൈക്കോടതിയുടെ അനുമതി. ഭോപ്പാലിലെ പിതാംപൂരില്‍ പ്രവര്‍ത്തിക്കുന്ന യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്നുള്ള മാലിന്യം സംസ്‌കരിക്കാനാണ് കോടതി അനുമതി നല്‍കിയത്.

ഫെബ്രുവരി 27 മുതല്‍ മൂന്ന് ഘട്ടങ്ങളിലായി മാലിന്യ സംസ്‌കരണം നടക്കും. ഇതുസംബന്ധിച്ച വിവരങ്ങള്‍ അഡ്വക്കേറ്റ് ജനറല്‍ പ്രശാന്ത് സിങ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ആദ്യ ഘട്ടത്തില്‍ മണിക്കൂറില്‍ 135 കിലോഗ്രാം മാലിന്യവും രണ്ടാം ഘട്ടത്തില്‍ മണിക്കൂറില്‍ 180 കിലോഗ്രാമും മൂന്നാം ഘട്ടത്തില്‍ മണിക്കൂറില്‍ 270 കിലോ മാലിന്യവും സംസ്‌കരിക്കും. ഓരോ ഘട്ടത്തിലും 10 ടണ്‍ മാലിന്യമാകും സംസ്‌കരിക്കുക.

ജനുവരി രണ്ടിന് യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്ന് ഏകദേശം 337 ടണ്‍ അപകടകരമായ മാലിന്യങ്ങള്‍ അധികൃതര്‍ പിതാംപൂരിലേക്ക് എത്തിച്ചിരുന്നു. 12 കണ്ടെയ്‌നറുകളിലായാണ് മാലിന്യം ഈ മേഖലയിലേക്ക് എത്തിച്ചത്.

പിന്നാലെ മാലിന്യ സംസ്‌കരണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. 2015ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാലിന്യ സംസ്‌കരണം നടത്തിയിരുന്നു. ഇത് വീണ്ടും ആവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ജനുവരിയില്‍ സംസ്ഥാന സര്‍ക്കാരിനോട് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മാലിന്യനിര്‍മാര്‍ജന നടപടികളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്ന നീക്കങ്ങള്‍ ഉള്‍പ്പെടെ അടങ്ങുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി.

ഇതിനുപിന്നാലെയാണ് കാലപ്പഴക്കമുള്ള മാലിന്യം സംസ്‌കരിക്കാന്‍ കോടതി അനുമതി നല്‍കിയത്. ഹര്‍ജിക്കാര്‍ ഉന്നയിച്ച ആശങ്കകള്‍ കണക്കിലെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കോടതി വിധിക്ക് പിന്നാലെ, മാലിന്യനിര്‍മാര്‍ജനത്തിന്റെ ആദ്യ ട്രയല്‍ റണ്‍ ഫെബ്രുവരി 27ന് നടക്കും. രണ്ടാമത്തേത് മാര്‍ച്ച് നാലിനും. മൂന്നാംഘട്ട ട്രയല്‍ സംബന്ധിച്ച് തീരുമാനമുണ്ടായിട്ടില്ലെന്നാണ് വിവരം.

1984 ഡിസംബറില്‍, ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിന്റെ കീടനാശിനി പ്ലാന്റില്‍ നിന്ന് മീഥൈല്‍ ഐസോസയനേറ്റും മറ്റ് വിഷവാതകങ്ങളും ചോര്‍ന്നിരുന്നു. 42 ടണ്‍ മീഥൈല്‍ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കില്‍ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുകയും ചെയ്തതാണ് ദുരന്തത്തിന് കാരണമായത്.

പിന്നാലെ ഈ ദുരന്തം അഞ്ച് ലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ആയിരക്കണക്കിന് ആളുകള്‍ മരിക്കുകയും ചെയ്തിരുന്നു. ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളാല്‍ പിന്നീടുള്ള വര്‍ഷങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Content Highlight: Bhopal gas tragedy; Court permits disposal of 40-year-old chemical waste