ഒന്നിന് പുറമെ ഒന്നായി പല റെക്കോഡുകളും തകര്‍ത്താണ് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നത്. 50 കോടി ക്ലബ്ബിലും 75 കോടി ക്ലബ്ബിലും ഇടം പിടിച്ചാണ് ഭീഷ്മര്‍ തന്റെ പടയോട്ടം തുടരുന്നത്.
ഇപ്പോഴിതാ, ചിത്രത്തിലെ ഫൈറ്റ് സീനുകളുടെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. റോബോട്ടിക് ക്യാമറയ്ക്ക് മുന്നില്‍ നിറഞ്ഞാടുന്ന മമ്മൂട്ടിയുടെ അവിസ്മരണീയമായ പ്രകടനവും അതുകണ്ട് അമല്‍ നീരദടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ കൈയടിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് ‘ബി നൊട്ടോറിയസി’ന്റെ അകമ്പടിയിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
നിരവധി ആരാധകരാണ് കമന്റുമായെത്തുന്നത്. ‘ ഈ പ്രായത്തിലും ഡ്യൂപ്പില്ലാതെ എന്നാ ഒരിതാ’ ‘ഭീഷ്മയില്‍ ഏറ്റവും രോമാഞ്ചം തന്ന സീനുകളില്‍ ഒന്ന്, റോബോട്ടിക് ക്യാമറയ്ക്ക് മുന്‍പില്‍ എഴുപതുകാരന്റെ കിടിലന്‍ ഫൈറ്റ്’ ‘ എന്റെ ആക്ഷന് കട്ട് പറയാന്‍ ഇവിടെ ഒരുത്തനും ആയിട്ടില്ല…. എജ്ജാദി ഫൈറ്റ്’ തുടങ്ങിയ കമന്റുകളാണ് എത്തുന്നത്.
കേരളത്തിന് പുറമെ വിദേശരാജ്യങ്ങളിലും ഭീഷ്മ കുതിപ്പ് തുടരുകയാണ്. നിരവധി ബോക്‌സ് ഓഫീസ് റെക്കോഡുകളാണ് സിനിമയ്ക്ക് മു്‌നനില്‍ തകര്‍ന്നുവീഴുന്നത്.
ഇപ്പോഴിതാ തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ്യുടെ ചിത്രത്തിന്റെ റെക്കോര്‍ഡാണ് ഭീഷ്മ പര്‍വ്വം മറികടന്നിരിക്കുന്നത്. സൗദിയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം എന്ന റെക്കോര്‍ഡാണ് സിനിമ സ്വന്തമാക്കിയത്.
വിജയ് ചിത്രം മാസ്റ്റര്‍ 30 കോടിയാണ് സൗദിയില്‍ നിന്ന് നേടിയത്. 30.2 കോടി കളക്ഷന്‍ നേടിയതോടെയാണ് ഭീഷ്മ മാസ്റ്ററിന്റെ റെക്കോര്‍ഡ് തകര്‍ത്തത്. 28.5 കോടിയ നേടിയ കുറുപ്പാണ് മൂന്നാമത്. 16 കോടി നേടിയ വാര്‍ നാലാമതും, 15.7 കോടി നേടിയ രാധേ അഞ്ചാമതുമാണ്.
റിലീസ് ചെയ്ത ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഭീഷ്മ പര്‍വ്വം 50 കോടി നേടിയിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 75 കോടി ക്ലബ്ബില്‍ ഭീഷ്മ പര്‍വ്വം ഇടംപിടിച്ച റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
മൂന്നാം വാരത്തിലും കാണികളുടെ എണ്ണത്തില്‍ വലിയ കുറവ് അനുഭവപ്പെടാത്തതിനാല്‍ ചിത്രം അനായാസം 100 കോടി ക്ലബ്ബിലും അതിനു മുകളിലേക്കും എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. സമീപകാലത്ത് ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ ലഭിച്ച ചിത്രം കൂടിയാണ് ഭീഷ്മ പര്‍വ്വം.
ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകള്‍ക്കൊപ്പം മറ്റു സംസ്ഥാന കേന്ദ്രങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബംഗളൂരു, കര്‍ണാടക, മംഗളൂരു, മൈസൂരു, കുന്താപുര എന്നിവിടങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.