കൊച്ചി: ബെംഗളൂരു ലഹരി മരുന്ന് കേസ് അന്വേഷണം മലയാള സിനിമയിലേക്ക്. അന്വേഷണം നടത്തുന്നത് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കൊച്ചി യൂണിറ്റാണ്.
കേരളത്തിലെ സിനിമാ മേഖലയുമായി മയക്കുമരുന്ന് വ്യാപാരികള്‍ക്കുള്ള ബന്ധം എന്താണെന്നാണ് സംഘം പരിശോധിക്കുന്നത്. പ്രതി
മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
പ്രതി മുഹമ്മദ് അനൂപിന്റെ മലയാള സിനിമ ബന്ധങ്ങള്‍ ആണ് അന്വേഷണ സംഘം ആദ്യ ഘട്ടത്തില്‍ അന്വേഷിക്കുക. സിനിമാ മേഖലയിലെ ഇടപാടുകാരെ കുറിച്ചാണ് അന്വേഷണം നടത്തുക.
നേരത്തെ തന്നെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായം ബെംഗളൂരുവിലുള്ള അന്വേഷണ സംഘം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചി യൂണിറ്റിന്റെ പൂര്‍ണമായ സഹകരണത്തോടെ മലയാള സിനിമാ മേഖലയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുന്നത്.
മലയാള സിനിമാ മേഖലയിലേക്ക് ലഹരി എത്തിച്ചിരുന്നത് താനാണെന്ന് മുഹമ്മദ് അനൂപ് അദ്ദേഹത്തിന്റെ മൊഴിയില്‍ പറയുന്നുണ്ട്. ഈ കണ്ണികളിലുള്‍പ്പെട്ട മറ്റാളുകളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് കൊച്ചി യൂണിറ്റ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
സിനിമാ മേഖലയിലെ ഇടപാടുകാരെ കുറിച്ച് വിശദമായി അന്വേഷിക്കാനാണ് യൂണിറ്റിന് നിര്‍ദേശം ലഭിച്ചത്. അനൂപിന് ലഹരി ഇടപാടുള്ള ചലച്ചിത്ര മേഖലയിലെ വിശദാംശങ്ങള്‍ ബെംഗളൂരു യൂണിറ്റ് ശേഖരിച്ചിട്ടുണ്ട്. ഇത് കൊച്ചി യൂണിറ്റിന് കൈമാറും. ഇതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.
കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അനൂപിനെയും ഒപ്പം അറസ്റ്റിലായ റിജേഷ് രവീന്ദ്രനെയും കൂടുതല്‍ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തയ്യാറെടുക്കുന്നുണ്ട്.
മുഹമ്മദ് അനൂപിന്റെ ഹോട്ടല്‍ സംരംഭങ്ങള്‍ക്ക് ആശംസ അര്‍പ്പിച്ച് മലയാള സിനിമയിലെ യുവനടന്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. മലയാള സിനിമയിലേക്കുള്‍പ്പെടെ അന്വേഷണം വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.