ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ താല്‍കാലികമായി ബ്ലോക്ക് ചെയ്യണമെന്ന് ട്വിറ്ററിനോട് ബെംഗളുരൂ കോടതി.
‘കെ.ജി.എഫ്-2’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.ആര്‍.ടി. മ്യൂസിക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
പകര്‍പ്പവകാശ നിയമം ലംഘിച്ചതായി ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ‘കെ.ജി.എഫ്-2’ലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്കെതിരെയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനേത് എന്നിവര്‍ക്കെതിരെയാണ് കമ്പനി പരാതി നല്‍കിയിരുന്നത്.
കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ പകര്‍പ്പവകാശം ലഭിക്കാന്‍ കോടികളാണ് തങ്ങള്‍ ചെലവഴിച്ചതെന്ന് കമ്പനി പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്ത് ദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത്, ഗാനങ്ങള്‍ പാര്‍ട്ടിയുടേതാണെന്ന് തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചതെന്ന് എം.ആര്‍.ടി. മ്യൂസിക്കിന്റെ അഭിഭാഷകന്‍ പറഞ്ഞു.
പ്രചരിപ്പിച്ച ദൃശ്യങ്ങളില്‍ ഭാരത് ജോഡോ യാത്രയുടെ ലോഗോ ഉപയോഗിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളില്‍ അത് പ്രചരിപ്പിച്ചിട്ടുണ്ടെന്നും കമ്പനി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
‘ദേശീയ പാര്‍ട്ടിയുടെ നടപടി, നിയമത്തോടും സ്വകാര്യ വ്യക്തികളോടും സ്ഥാപനങ്ങളോടും അവരുടെ അവകാശങ്ങളോടുമുള്ള പരസ്യമായ അവഹേളനമാണ്. പ്രത്യേകിച്ചും രാജ്യത്ത് ഭരണം നേടാനും സാധാരണക്കാരുടേയും വ്യവസായങ്ങളുടേയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമങ്ങള്‍ നിര്‍മിക്കാനും അവസരം തേടാന്‍ ശ്രമിക്കുമ്പോള്‍’, അഭിഭാഷകന്‍ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
പരാതിയില്‍ പാര്‍ട്ടിക്കെതിരെയും മൂന്ന് നേതാക്കള്‍ക്കെതിരേയും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. പകര്‍പ്പവകാശ നിയമത്തിലെയടക്കം വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഐ.പി.സി 403, 465, 120, 34 വകുപ്പുകള്‍ പ്രകാരവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ 66ാം വകുപ്പ് പ്രകാരവും കോപ്പി റൈറ്റ്‌സ് നിയമത്തിന്റെ 63ാം വകുപ്പ് പ്രകാരവുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ കേസെടുത്തത്.
നിയമപരമായ അവകാശം ഉറപ്പിക്കാന്‍ മാത്രമാണ് പരാതിയുമായി മുന്നോട്ട് പോകുന്നതെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.