കൊല്ലം: ശബരിമല മേല്‍ശാന്തിമാരെ നിയമിക്കുമ്പോള്‍ ജാതിവിവേചനം പാടില്ലെന്ന് ബി.ഡി.ജെ.എസ്. മേല്‍ശാന്തി നിയമനത്തിന് മലയാളി ബ്രാഹ്‌മണരെ ക്ഷണിച്ചുകൊണ്ടുള്ള ദേവസ്വം ബോര്‍ഡ് തീരുമാനം തിരുത്തണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
അല്ലാത്തപക്ഷം ബി.ഡി.ജെ.എസ്. പ്രക്ഷോഭത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
‘ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ജാതിവ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്ത് ശബരിമല മേല്‍ശാന്തി നിയമനം നടത്തുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയ്യുന്നത്. ഇത് സാക്ഷര കേരളത്തിനു യോജിച്ചതല്ല,’ തുഷാര്‍ പറഞ്ഞു.
ഈഴവനായ തന്ത്രി പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തില്‍ ശാന്തിയായിരിക്കുന്ന ബ്രഹ്‌മണനു മേല്‍ശാന്തിയായി നിയമനം ലഭിക്കുമ്പോള്‍ തന്നെ ആ പ്രതിഷ്ഠ നിര്‍വ്വഹിച്ച തന്ത്രി മുഖ്യനു പോലും ജാതിയുടെ പേരില്‍ ഈ മേല്‍ശാന്തി നിയമനത്തില്‍ അയിത്തം കല്പിക്കപ്പെടുന്നത് കടുത്ത വിരോധാഭസവും മനുഷ്യാവകാശ ലംഘനവുമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.