രോഹിത് ശര്‍മ പുറത്തേക്ക്?
Sports News
രോഹിത് ശര്‍മ പുറത്തേക്ക്?
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th June 2023, 9:26 am

 

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിനോട് നാണംകെട്ട പരാജയമേറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ രോഹിത് ശര്‍മക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ സമ്പൂര്‍ണ പരാജയമാണെന്നും രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കണമെന്നും ആരാധകര്‍ മുറവിളി കൂട്ടിയിരുന്നു.

എന്നാല്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി സംശയത്തിന്റെ നിഴലിലാണെന്നാണ് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്ക് പിന്നാലെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ തീരുമാനമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജൂലൈ 12ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മക്ക് തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ രോഹിത്തിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ത്രിശങ്കുവിലാകാന്‍ സാധ്യതകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 36കാരനായ രോഹിത് ശര്‍മക്ക് പ്രായവും ഒരു വെല്ലുവിളിയാണ്.

‘ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അടുത്ത സൈക്കിള്‍ അവസാനിക്കുക 2025ലായിരിക്കും. അപ്പോഴേക്കും രോഹിത് ശര്‍മക്ക് 38 വയസോളമാകും. അതിനാല്‍ വരുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ട് വര്‍ഷക്കാലയളവില്‍ ക്യാപ്റ്റന്റെ റോളില്‍ രോഹിത് ശര്‍മ തന്നെ പൂര്‍ണമായും ഉണ്ടാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല.

വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം രോഹിത്തിന്റെ ഫോമിനെ കുറിച്ച് ചീഫ് സെലക്ടര്‍ ശിവ്‌സുന്ദര്‍ ദാസും മറ്റ് സെലക്ടര്‍മാരും തമ്മില്‍ ചര്‍ച്ചയുണ്ടായേക്കും. ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ഡിസംബര്‍ വരെ ടെസ്റ്റ് പരമ്പരകളൊന്നും തന്നെ ഇന്ത്യക്ക് കളിക്കാനില്ല.

ഡിസംബറിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് പിന്നീടുള്ളത്. അതിനാല്‍ ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് ശരിയായ തീരുമാനം എടുക്കാനുള്ള സമയമുണ്ട്’ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ കുറിച്ചുള്ള കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള അടിസ്ഥാനവുമില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര തന്നെയായിരിക്കും ഇക്കാര്യത്തില്‍ അടിസ്ഥാനമാവുകയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

2022ല്‍ വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിഞ്ഞതിന് പിന്നാലെ രോഹിത് ശര്‍മയുടെ പേരാണ് ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കും ഉയര്‍ന്നുകേട്ടത്. എന്നാല്‍ ലോങ്ങര്‍ ഫോര്‍മാറ്റില്‍ മെന്‍ ഇന്‍ ബ്ലൂവിന്റെ ക്യാപ്റ്റന്‍സിയേറ്റെടുക്കാന്‍ അദ്ദേഹം ആദ്യം വിമുഖത കാണിച്ചിരുന്നു.

 

തുടര്‍ന്ന് ക്യാപ്റ്റനായ കെ.എല്‍. രാഹുല്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്റെ റോളിലേക്ക് രോഹിത്ത് എത്തുന്നത്.

ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം ഇന്ത്യയെ ഏഴ് മത്സരങ്ങളിലാണ് രോഹിത് നയിച്ചത്. ഇതില്‍ ഒറ്റ ഓവര്‍സീസ് മത്സരത്തില്‍ മാത്രമാണ് രോഹിത് ക്യാപ്റ്റന്‍സിയേറ്റെടുത്തത് എന്നതാണ് രസകരമായ വസ്തുത. ഏഴ് ടെസ്റ്റില്‍ നാല് വിജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് രോഹിത്തിന്റെ സമ്പാദ്യം. ഈ വര്‍ഷമാദ്യം നടന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് പരമ്പര നേടിത്തന്നു എന്നതാണ് ടെസ്റ്റ് ക്യാപ്റ്റന്‍സിയിലെ താരത്തിന്റെ മികച്ച നേട്ടം.

 

Content Highlight: BCCI will decide on Rohit’s captaincy after the West Indies series; Report