Entertainment
ബേസില്‍ പ്രകടന മികവ് കൊണ്ട് അമ്മാനമാടിയ സിനിമ: പൊന്‍മാന്‍ ഒ.ടി.ടിയിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 07, 12:48 pm
Friday, 7th March 2025, 6:18 pm

രേഖാചിത്രം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് 2025 തുടങ്ങിയത്. അത്തരത്തില്‍ ഈ വര്‍ഷം ഹിറ്റായ മറ്റൊരു സിനിമയായിരുന്നു ബേസില്‍ ജോസഫ് ചിത്രമായ പൊന്‍മാന്‍. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത സിനിമ സംവിധാനം ചെയ്തത് ജ്യോതിഷ് ശങ്കറായിരുന്നു. ജി.ആര്‍. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിന്റെ ദൃശ്യാവിഷ്‌കാരമായിരുന്നു പൊന്‍മാന്‍.

ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് സംബന്ധിച്ച കാര്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മാര്‍ച്ച് 14ന് പൊന്‍മാന്‍ ഒ.ടി.ടിയില്‍ സ്ട്രീമിംങ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജിയോ ഹോട്ട്സ്റ്റാറിനാണ് സ്ട്രീമിംങ് അവകാശം. 2025 ജനുവരി 30നായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

ബേസില്‍ ജോസഫിനെക്കൂടാതെ സജിന്‍ ഗോപു, ആനന്ദ് മന്മദഥന്‍, ലിജോമോള്‍ ജോസ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററില്‍ വന്ന ആദ്യ ദിവസം തന്നെ പോസിറ്റീവ് റിവ്യു നേടാന്‍ പൊന്‍മാനിന് സാധിച്ചിരുന്നു. കൊല്ലം ജില്ലയായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം.

തീരദേശത്ത് ഒരു വീട്ടില്‍ കല്ല്യാണവുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളും അതിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമാണ് പൊന്‍മാനില്‍ അവതരിപ്പിച്ചത്. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന സ്ത്രീധനമാണ് ചിത്രം ചര്‍ച്ച ചെയ്തത്. വിഷയത്തിന്റെ ഗൗരവം സാധാരണക്കാരിലേക്ക് എത്തിക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. അതാണ് ചിത്രത്തിനെ മികച്ചതാക്കിയത്. തമിഴ് മേഖലയില്‍ നിന്നുപോലും പ്രശംസ ഏറ്റ് വാങ്ങിയ ചിത്രം കൂടിയാണ് പൊന്‍മാന്‍.

ചിത്രത്തില്‍ പി.പി. അജീഷ് എന്ന കഥാപാത്രത്തെയാണ് ബേസില്‍ അവതരിപ്പിച്ചത്. കല്ല്യാണത്തിന് സ്വര്‍ണം ഇടാന്‍ സാഹചര്യമില്ലാത്ത പെണ്‍കുട്ടികള്‍ക്ക് കല്ല്യാണ ദിവസത്തേക്ക് മാത്രം സ്വര്‍ണം വാടകയ്ക്ക് കൊടുക്കുന്ന വ്യക്തിയാണ് അജീഷ്.

എന്നാല്‍ ബ്രൂണോയുടെ (ആനന്ദ് മന്മഥന്‍) പെങ്ങള്‍ സ്റ്റെഫിക്ക് (ലിജോമോള്‍) കൊടുക്കുന്ന സ്വര്‍ണം അന്ന് തന്നെ തിരിച്ച് വാങ്ങാന്‍ അജീഷിന് സാധിക്കുന്നില്ല. സ്റ്റെഫി ആ സ്വര്‍ണവും ഇട്ടുകൊണ്ട് ഭര്‍ത്താവ് മരിയോയുടെ (സജിന്‍ ഗോപു) വീട്ടിലേക്ക് പോകുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ ജ്യോതിഷ് ശങ്കര്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച ചിത്രം കൂടിയാണിത്.

ഈ വര്‍ഷത്തെ മികച്ച കേരള കളക്ഷന്‍ നേടിയ സിനിമകളുടെ ലിസ്റ്റിലും പൊന്‍മാന്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഡൊമനിക് ആന്റ് ദി ലേഡീസ് പേഴ്‌സിനെ പിന്നിലാക്കി മൂന്നാം സ്ഥാനത്താണ് പൊന്‍മാന്‍. കേരളത്തില്‍ നിന്ന് മാത്രം 10.45 കോടിയിലധികം കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. ഒ.ടി.ടിയിലെത്തുന്നതോടെ ചിത്രം ഇതരഭാഷകളിലെ പ്രേക്ഷകര്‍ക്കും കാണാന്‍ സാധിക്കും.

Content Highlight: Basil Joseph’s Ponman OTT Release