2024ലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു സൂക്ഷ്മദര്‍ശിനി. ബേസില്‍ ജോസഫ്- നസ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.സി. ജിതിന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.
കോമഡി- മിസ്റ്ററി ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങിയ ചിത്രം അടുത്തിടെ ഒ.ടി.ടി റിലീസ് ചെയ്തിരുന്നു. ഒ.ടി.ടി റിലീസിന് ശേഷം കേരളത്തിന് പുറത്ത് നിന്നും ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
എന്നാൽ ത്രില്ലർ ചിത്രമായ സൂക്ഷ്മദർശനിയുടെ ലോജിക്കിനെ കുറിച്ചും ചിലർ അഭിപ്രായം പങ്കുവെച്ചിരുന്നു. സിനിമയിൽ ഡയാന എന്ന കഥാപാത്രമാണെന്ന് കരുതി ബേസിൽ അവതരിപ്പിക്കുന്ന മാനുവലിനാണ് നസ്രിയയുടെ പ്രിയ എന്ന കഥാപാത്രം മെസേജ് അയക്കുന്നത്.
ഇതിനിടയിൽ ഡയാന എന്ന കഥാപാത്രത്തിന്റെ ശബ്ദത്തിൽ ഒരു വോയിസ് നോട്ട് നസ്രിയയുടെ ഫോണിലേക്ക് വരുന്നുണ്ട്. എന്നാൽ മരിച്ചുപോയ ഒരാൾ എങ്ങനെയാണ് സ്വന്തം ശബ്ദത്തിൽ വോയിസ് നോട്ട് അയക്കുകയെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഇതിന് വിശദീകരണം നൽകിയിരിക്കുകയാണ് ബേസിൽ ജോസഫ്. അത് സിനിമയിലെ മിസ്റ്റേക്ക് അല്ലെന്നും ഡയാന എന്ന കഥാപാത്രം മറ്റൊരാൾക്ക് അയച്ച വോയിസ് നോട്ടാണ് പ്രിയയ്ക്ക് ഫോർവേഡ് ചെയ്യുന്നതെന്നും ബേസിൽ പറയുന്നു. പുതിയ സിനിമ പൊന്മാനിന്റെ വിശേഷങ്ങൾ മഴവിൽ മനോരമയോട് പങ്കുവെക്കുകയിരുന്നു അദ്ദേഹം.
‘അതൊരു മിസ്റ്റേക്ക് അല്ല. ഞാൻ ഒരാൾക്കൊരു വോയിസ് നോട്ട് അയക്കുകയാണ്. ഒരാളുടെ പേരെടുത്ത് വിളിച്ചിട്ടുള്ള വോയിസ് നോട്ട് ഒന്നുമല്ല അത്. ഞാൻ ഇതാ ഇവിടെ എത്തി എന്ന് മാത്രമാണ് ആ മെസേജിൽ പറയുന്നത്. സൂക്ഷ്മദർശിനിയിൽ ഡയാന എന്ന കഥാപാത്രത്തിന്റെ ഫോൺ എന്റെ കയ്യിൽ ആണല്ലോ ഉള്ളത്.
ഡയാന ഇത് വേറെ ആർക്കോ അയച്ച വോയിസ് നോട്ടാണ്. അത് എടുത്ത് പ്രിയദർശിനി എന്ന നസ്രിയയുടെ കഥാപാത്രത്തിന് ഫോർവേർഡ് ചെയ്യുകയാണ്. സ്വാഭാവികമായും ഒരു സംശയം വരും ഫോർവേർഡ് ചെയ്യുമ്പോൾ ഫോർവേർഡഡ് എന്ന് മുകളിൽ കാണിക്കില്ലേയെന്ന്. പക്ഷെ ഞാൻ തന്നെ അയച്ച വോയിസ് നോട്ട് വേറൊരാൾക്ക് അയച്ച് കൊടുക്കുമ്പോൾ അത് നോർമൽ വോയിസ് നോട്ട് ആയിട്ട് തന്നെയാണ് പോവുക.
മറ്റൊരാൾ അയച്ച വോയിസ് നോട്ടാണ് ഞാൻ അയക്കുന്നതെങ്കിൽ അത് ഫോർവേർഡഡ് എന്ന് കാണിക്കും. പക്ഷെ അയച്ച ആളുടെ ഫോണിൽ നിന്ന് തന്നെ ഫോർവേർഡ് ചെയ്താൽ ഫോർവേർഡഡ് എന്ന ഐക്കൺ വരില്ല,’ബേസിൽ പറയുന്നു.
Content Highlight: Basil Joseph About Logic Of Sookshmadharshini Movie