Advertisement
national news
നീതിന്യായവ്യവസ്ഥയുടെ നിഷ്പക്ഷതയെയും സ്വാതന്ത്ര്യത്തെയും ദുര്‍ബലപ്പെടുത്തും; മോദിയെ പുകഴ്ത്തിയ അരുണ്‍ മിശ്രയ്‌ക്കെതിരെ ബാര്‍ അസോസിയേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 26, 10:41 am
Wednesday, 26th February 2020, 4:11 pm

ന്യൂദല്‍ഹി: സുപ്രീംകോടതി ജഡ്ജി അരുണ്‍ മിശ്ര പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി സംസാരിച്ചതിനെതിരെ ബാര്‍ അസോസിയേഷന്‍. മോദിയെ പുകഴ്ത്താന്‍ അരുണ്‍ മിശ്ര ഉപയോഗിച്ച വാക്കുകള്‍ നിരാശയുളവാക്കുന്നതാണെന്ന് ബാര്‍ അസോസിയേഷന്‍ പറഞ്ഞു.

അത്തരം നടപടി നീതിന്യായവ്യവസ്ഥയുടെ നിഷ്പക്ഷതയെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ധാരണയെ ദുര്‍ബലപ്പെടുത്തുമെന്നും ബാര്‍ അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ജഡ്ജി അരുണ്‍ മിശ്രയ്ക്കെതിരെ മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും രംഗത്തെത്തിയിരുന്നു.

അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടന വേദിയിയില്‍ വെച്ച് അരുണ്‍ മിശ്ര മോദിയെ പുകഴ്ത്തിയിരുന്നു. ”അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധനായ ദീര്‍ഘദര്‍ശി”യെന്ന് മോദിയെ വാഴ്ത്തിയ അരുണ്‍ മിശ്ര, മോദി, ലോകനിലവാരത്തില്‍ ചിന്തിക്കുകയും അത് സ്വന്തം നാട്ടില്‍ നടപ്പാക്കുകയും ചെയ്യുന്ന ജീനിയസ്സാണെന്നും പുകഴ്ത്തിയിരുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സഹകരണത്തോടെ 1500 കാലഹരണപ്പെട്ട നിയമങ്ങളെങ്കിലും എടുത്ത് കളഞ്ഞെന്നും, മോദിയുടെ കാലത്ത് ഇന്ത്യ, ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉത്തരവാദിത്തമുള്ള അംഗമായി മാറിയെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞിരുന്നു.

”ജുഡീഷ്യറിയും മാറുന്ന കാലവും” എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കവേ, ജുഡീഷ്യറിക്ക് വെല്ലുവിളികള്‍ ഉയരുന്നതില്‍ അത്ഭുതമില്ലെന്നും, മാറുന്ന കാലത്ത്, ജുഡീഷ്യറിക്ക് അതില്‍ നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്നും അരുണ്‍ മിശ്ര പറഞ്ഞിരുന്നു.

സ്വാഭിമാനത്തോടെ മനുഷ്യര്‍ നിലനില്‍ക്കുന്നതിനാണ് നമ്മുടെ ആദ്യ പരിഗണന വേണ്ടത്. ലോകനിലവാരത്തില്‍ ചിന്തിക്കുകയും, അത് ഇവിടെ നടപ്പാക്കുകയും ചെയ്യുന്ന ബഹുമുഖപ്രതിഭയായ നരേന്ദ്രമോദിക്ക് എന്റെ നന്ദി. അദ്ദേഹത്തിന്റെ പ്രസംഗം പ്രചോദിപ്പിക്കുന്നതാണ്. ഈ കോണ്‍ഫറന്‍സിന്റെ അജണ്ട സെറ്റ് ചെയ്യാന്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന് കഴിഞ്ഞു”, എന്നും ജസ്റ്റിസ് മിശ്ര വ്യക്തമാക്കിയിരുന്നു.

WATCH THIS VIDEO: