ആള്‍ക്കൂട്ടത്തില്‍ അടിതെറ്റി വീണ് ഷാക്കിബ്; പ്രതികരണം ഞെട്ടിച്ചെന്ന് ആരാധകര്‍; വീഡിയോ
Sports News
ആള്‍ക്കൂട്ടത്തില്‍ അടിതെറ്റി വീണ് ഷാക്കിബ്; പ്രതികരണം ഞെട്ടിച്ചെന്ന് ആരാധകര്‍; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 17th March 2023, 12:39 pm

ആരാധക ശല്യം കാരണം അടിതെറ്റി വീണ ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ഷാക്കിബ് അല്‍ ഹസന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ച് വരികയായിരുന്നു ഷാക്കിബ്.

ആരാധകരില്‍ ചിലര്‍ താരത്തെ വളയുകയും താരത്തിനൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആളുകള്‍ തിങ്ങിക്കൂടിയതോടെ നേരിയ തോതില്‍ സംഘര്‍ഷമുണ്ടാവുകയും അടിതെറ്റി ഷാക്കിബ് നിലത്ത് വീഴുകയും ചെയ്തു.

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് താരത്തെ രക്ഷപ്പെടുത്താന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവസ്ഥലത്ത് നിന്ന് ഒരുവിധത്തില്‍ രക്ഷപ്പെട്ട ഷാക്കിബ് പ്രതികരിക്കാന്‍ നില്‍ക്കാതെ സ്ഥലം വിടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

വീഡിയോ വൈറലായതിന് പിന്നാലെ കമന്റുമായി നിരവധിയാളുകളാണ് രംഗത്തെത്തിയത്. പൊതുവെ ബംഗ്ലാ ടീമിലെ വഴക്കാളിയായ ഷാക്കിബ് നിലത്ത് വീണിട്ടും പ്രതികരിക്കാന്‍ നില്‍ക്കാതെ നടന്ന് പോയത് അത്ഭുതപ്പെടുത്തിയെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ആരാധകരാണെങ്കിലും കുറച്ചൊക്കെ മാന്യത കാണിക്കണമെന്നുമൊക്കെ കമന്റുകള്‍ നിറയുന്നുണ്ട്.

കുറച്ച് ദിവസം മുമ്പാണ് ഷാക്കിബ് തന്റെ ആരാധകനെ തൊപ്പിയുപയോഗിച്ച് അടിക്കുന്ന വീഡിയോ പുറത്ത് വന്നത്. ആരാധകനുമായി വാക്കേറ്റത്തിലേര്‍പ്പെട്ട താരം പെട്ടെന്ന് ദേഷ്യപ്പെടുകയും തൊപ്പിയെടുത്ത് തല്ലുകയുമായിരുന്നു. പ്രശ്‌നം രൂക്ഷമായതോടെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഷാക്കിബിനെ സംഭവസ്ഥലത്ത് നിന്നും മാറ്റിയത്. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോ പ്രചരിക്കുന്നത്.

Content Highlight: Bangladesh cricketer shakib al hasan fall to fround