കരയാന്‍ ഗ്ലിസറിന്‍ പോലും വേണ്ട; അവള്‍ ഒടുക്കത്തെ നടിയാണ്: ബാലു വര്‍ഗീസ്
Entertainment
കരയാന്‍ ഗ്ലിസറിന്‍ പോലും വേണ്ട; അവള്‍ ഒടുക്കത്തെ നടിയാണ്: ബാലു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th January 2025, 9:36 pm

ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ടിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് ബാലു വര്‍ഗീസ്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണിബീ എന്ന സിനിമയിലൂടെയാണ് ബാലു കൂടുതല്‍ ശ്രദ്ധേയനായത്.

പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളസിനിമയില്‍ സജീവമാകാന്‍ നടന് സാധിച്ചിരുന്നു. ബാലു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്ന് സ്വന്തം പുണ്യാളന്‍.

മഹേഷ് മധു സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ത്രില്ലര്‍ ചിത്രമാണ് ഇത്. ബാലുവിനൊപ്പം അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, രണ്‍ജി പണിക്കര്‍, അല്‍ത്താഫ് സലിം, ബൈജു സന്തോഷ് തുടങ്ങിയവരാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്.

തന്റെയും അര്‍ജുന്‍ അശോകന്റെയും കൂടെ എല്ലാ കോമഡിയും പറയാന്‍ അനശ്വരയുണ്ടാകുമെന്നും എന്നാല്‍ ഷോട്ടിന് സമയമായെന്ന് പറഞ്ഞാല്‍ അനശ്വര പെട്ടെന്ന് മാറുമെന്നും പറയുകയാണ് ബാലു വര്‍ഗീസ്.

അനശ്വര ഒടുക്കത്തെ നടിയാണെന്നും കരയാന്‍ ഗ്ലിസറിന്‍ പോലും വേണ്ടെന്നും ബാലു പറഞ്ഞു. ജാങ്കോ സ്‌പേയ്‌സ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ബെസ്റ്റ് അനുവാണ് (അനശ്വര). അവള് നമ്മളുടെ കൂടെ എല്ലാ കോമഡിയും പറയാന്‍ ഉണ്ടാകും. ഷോട്ടായെന്ന് പറഞ്ഞാല്‍ അവള്‍ പെട്ടെന്ന് മാറും. ഞങ്ങള് അത് കണ്ട് നോക്കി നില്‍ക്കും. എനിക്കോ അച്ചുവിനോ (അര്‍ജുന്‍ അശോകന്‍) അങ്ങനെ അഭിനയിക്കാന്‍ അറിയില്ല.

ഞാനും അവനും സാധാരണ മനുഷ്യന്മാരാണ്. ഞങ്ങള്‍ക്ക് അനുവിനെ പോലെ അങ്ങനെ അഭിനയിക്കാന്‍ അറിയില്ല (ചിരി). അവളാണെങ്കില്‍ ഒടുക്കത്തെ നടിയാണ്. കരയാന്‍ ഗ്ലിസറിന്‍ പോലും വേണ്ട. ഗ്ലിസറിന്‍ ഇല്ലാതെ തന്നെ അവള് എളുപ്പം കരയും,’ ബാലു വര്‍ഗീസ് പറയുന്നു.

Content Highlight: Balu Varghese Talks About Anaswara Rajan