സ്ത്രീയെ നിലത്തിട്ട് ചവിട്ടിയ സംഭവം; പ്രതിഷേധം കനത്തപ്പോള്‍ മാപ്പ് പറഞ്ഞ് ബി.ജെ.പി എം.എല്‍.എ
അഹമ്മദാബാദ്: കുടിവെള്ള ക്ഷാമ പ്രശ്നം അറിയിക്കാനെത്തിയ സ്ത്രീയെ റോഡിലിട്ട് ചവിട്ടിയ സംഭവത്തില്‍ ക്ഷമ ചോദിക്കുന്നെന്ന് ഗുജറാത്തിലെ നരോദ ബി.ജെ.പി എംഎല്‍എ ബല്‍റാം തവാനി. 22 വര്‍ഷത്തെ തന്റെ സജീവ രാഷ്ട്രീയ ജീവിതത്തിനിടയിലെ ആദ്യത്തെ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീയെ തവാനി നിലത്തിട്ട് ചവിട്ടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും വിമര്‍ശങ്ങള്‍ ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് മാപ്പ് പറഞ്ഞ് തവാനി രംഗത്തെത്തിയത്.
മറ്റു സ്ത്രീകള്‍ക്കൊപ്പം പ്രതിഷേധം അറിയിക്കാനെത്തിയ യുവതിയെ നിലത്ത് വെച്ച് എം.എല്‍.എയുടെ ആളുകള്‍ അടിയ്ക്കുന്നതിനിടെ താവനി വന്ന് ചവിട്ടുകയായിരുന്നു. സംഭവത്തില്‍ ആദ്യം മാപ്പ് പറഞ്ഞ എം.എല്‍.എ താന്‍ അക്രമിക്കപ്പെട്ടപ്പോള്‍ സ്വയം രക്ഷയ്ക്കായാണ് യുവതിയെ ചവിട്ടിയതെന്ന് പിന്നീട് ന്യായീകരിക്കുകയായിരുന്നു. എന്നാല്‍ നിലത്ത് കിടക്കുന്ന യുവതിയെ ബല്‍റാം താവനി വന്ന് ചവിട്ടുന്നത് വ്യക്തമാണ്.
എം.എല്‍.എയുടെ ആളുകള്‍ തന്നെ ഹോക്കി സ്റ്റിക്കടക്കം ഉപയോഗിച്ച് മര്‍ദ്ദിച്ചതായി യുവതി പറഞ്ഞിരുന്നു. ഇവര്‍ എന്‍.സി.പി വാര്‍ഡ് നേതാവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.