Entertainment
അയ്യോ... എന്റെ ബാലതാരമാണ് ഈ ഇരിക്കുന്നത്, ജോജുവും എന്റെ ബാലതാരം ആയിരുന്നു: ബാബുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 18, 06:28 pm
Sunday, 18th June 2023, 11:58 pm

താൻ ഒരിക്കൽ പ്രൊഡ്യൂസ് ചെയ്ത ചിത്രത്തിൽ ബാലതാരമായി നിർമാതാവ് സാന്ദ്ര തോമസ് അഭിനയിച്ചിട്ടുണ്ടെന്ന് നടൻ ബാബുരാജ്. താൻ നിർമിച്ചിട്ടുള്ള ഒരു സീരിയലിൽ നടൻ ജോജു ബാല താരമായി അഭിനയിച്ചിട്ടുണ്ടെന്നും ജോജു പറഞ്ഞപ്പോഴാണ് താൻ അത് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാന്ദ്ര തോമസും അഭിമുഖത്തിൽ പങ്കെടുത്തു.

‘ഞാൻ പ്രൊഡ്യൂസ് ചെയ്ത ചിത്രത്തിൽ ബാലതാരം ആയിട്ട് സാന്ദ്ര അഭിനയിച്ചിട്ടുണ്ട്. അയ്യോ… അന്നത്തെ എന്റെ ബാലതാരമാണ് ഈ ഇരിക്കുന്നത് (സാൻഡ്രയെ ചൂടി കാണിക്കുന്നു). അന്ന് കുട്ടി സാന്ദ്ര ഫ്രോക്ക് ഒക്കെ ഇട്ട് ഐസ് ഫ്രൂട്ട് ഒക്കെ കഴിച്ചാണ് സെറ്റിൽ വന്നത്. അന്ന് ഞാൻ പ്രൊഡ്യൂസ് ചെയ്തത് ‘അടുക്കള രഹസ്യം അങ്ങാടി പാട്ട്’ എന്ന ചിത്രം ആയിരുന്നു. കൊച്ചിൻ ഹനീഫ ഇക്കയുടെ മകളായിട്ടായിരുന്നു സാന്ദ്ര വന്നത്. കൂടെ അമ്മയും അച്ഛനുമൊക്കെ ഉണ്ടായിരുന്നു. ഞാൻ അതൊക്കെ മറന്ന് പോയി. പിന്നീട് സാന്ദ്ര തന്നെയാണ് എന്നെ ഓർമിപ്പിച്ചത്,’ ബാബുരാജ് പറഞ്ഞു.

താൻ നിർമിച്ച സീരിയലിൽ നടൻ ജോജു ബാലതാരം ആയി അഭിനയിച്ചിട്ടുണ്ടെന്നും ജോജു പറഞ്ഞപ്പോഴാണ് താൻ അത് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ 1997ൽ ‘കുടിപ്പക’ എന്നൊരു സീരിയൽ ചെയ്തിട്ടുണ്ട്. അതിൽ തിലകൻ ചേട്ടൻ ആയിരുന്നു ഹീറോ, സുകുമാരി ചേച്ചിയൊക്കെ ഉണ്ടായിരുന്നു. അതിൽ തിലകൻ ചേട്ടന് ആറ് മക്കൾ ഉണ്ട്. ഒരു മകൻ ആയി ഞാൻ ആണ് അഭിനയിക്കുന്നത്. അതിൽ ഇളയ മകനായി അഭിനയിച്ചത് ജോജു ആയിരുന്നു. ചേട്ടാ ചേട്ടന്റെ മുൻപിലാണ് ഞാൻ ആദ്യമായി അഭിനയിച്ചതെന്ന് ജോജു എന്നോട് പറഞ്ഞു. ഞാൻ ചോദിച്ചു ഏത് കഥാപാത്രം ആണെന്ന്, അപ്പോഴാണ്‌ ജോജു പറഞ്ഞത് തിലകൻ ചേട്ടന്റെ ഇളയ മകൻ ആയിട്ടായിരുന്നെന്ന്. അത് വളരെ റിയലിസ്റ്റിക് ആയിട്ടുള്ള സീരിയൽ ആയിരുന്നു,’ ബാബുരാജ് പറഞ്ഞു.

മുർഫി ദേവസി സംവിധാനം ചെയ്ത് സാന്ദ്ര തോമസ് നിർമിക്കുന്ന നല്ല നിലാവുള്ള രാത്രിയാണ് ബാബുരാജിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ചെമ്പൻ വിനോദ്, ബിനു പപ്പു, ജിനു ജോസ്, റോണി ഡേവിഡ് എന്നിവർ ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Content Highlights: Baburaj on Sandra Thomas and Joju George