റെക്കോഡ് സെഞ്ച്വറിക്കൊപ്പം മറ്റൊരു നേട്ടവും; ഒന്നാമൻ ഗെയ്ൽ തന്നെ
Cricket
റെക്കോഡ് സെഞ്ച്വറിക്കൊപ്പം മറ്റൊരു നേട്ടവും; ഒന്നാമൻ ഗെയ്ൽ തന്നെ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th February 2024, 8:30 am

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷവാര്‍ സാല്‍മിക്ക് തകര്‍പ്പന്‍ വിജയം. ഇസ്ലാമബാദ് യൂണൈറ്റഡിനെ എട്ട് റണ്‍സിനാണ് സാല്‍മി പരാജയപ്പെടുത്തിയത്. മത്സരത്തില്‍ പെഷവാറിന് വേണ്ടി പാകിസ്ഥാന്‍ സൂപ്പര്‍താരം ബാബര്‍ അസം സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 63 പന്തില്‍ പുറത്താവാതെ 111 റണ്‍സ് നേടിക്കൊണ്ടായിരുന്നു ബാബറിന്റെ തകര്‍പ്പന്‍ പ്രകടനം.

14 ഫോറുകളും രണ്ട് സിക്‌സുകളുമാണ് പാക് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 176.19 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കാനും ബാബറിന് സാധിച്ചു.

ടി-20യില്‍ 180 സ്‌ട്രൈക്ക് റേറ്റിന് താഴെ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരമെന്ന നേട്ടമാണ് ബാബര്‍ സ്വന്തമാക്കിയത്. ബാബര്‍ ടി-20യില്‍ നേടിയ 11 സെഞ്ച്വറികളില്‍ എട്ട് സെഞ്ച്വറികളും 180 സ്‌ട്രൈക്ക് റേറ്റിന് താഴെയാണ്.

ടി-20 180 സ്‌ട്രൈക്ക് റേറ്റിന് താഴെ സെഞ്ച്വറികള്‍ നേടിയ താരങ്ങള്‍

(താരം, സെഞ്ച്വറികളുടെ എണ്ണം എന്നീ ക്രമത്തില്‍)

ബാബര്‍ അസം-8

മൈക്കല്‍ ക്ലിങ്കർ-7

ഡെയ്ൻ സ്മിത്-5

ജോസ് ബട്‌ലര്‍-5

ആരോണ്‍ ഫിഞ്ച്-4

ഷെയ്ന്‍ വാട്‌സണ്‍-4

വിരാട് കോഹ്‌ലി-4

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സാല്‍മി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. ബാബറിന്റെ സെഞ്ച്വറി കരുത്തിലാണ് പെഷവാര്‍ വിജയലക്ഷ്യം എതിരാളികള്‍ക്ക് മുന്നില്‍ വെച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇസ്ലമാബാദിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടാനാണ് സാധിച്ചത്. യൂണൈറ്റഡിന്റെ ബാറ്റിങ്ങില്‍ അസം ഖാന്‍ 30 പന്തില്‍ 75 റണ്‍സും കോളിന്‍ മന്റോ 53 പന്തില്‍ 71 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും എട്ട് റണ്‍സകലെ വിജയം നഷ്ടമാവുകയായിരുന്നു. സാല്‍മി ബൗളിങ് നിരയില്‍ ആരിഫ് യാക്കൂബ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

ജയത്തോടെ അഞ്ചു മത്സരങ്ങളില്‍ നിന്നും മൂന്നു വിജയവും രണ്ടു തോല്‍വിയും അടക്കം ആറ് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ബാബറും സംഘവും. മാര്‍ച്ച് രണ്ടിന് ലാഹോര്‍ ഖലന്തേഴ്‌സിനെതിരെയാണ് സാല്‍വിയുടെ അടുത്ത മത്സരം.

Content Highlight: Babar Azam create a new record in T20