എം.ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന മനോരഥങ്ങള്‍ ആന്തോളജി സീരീസിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ ആസിഫ് അലിയുടെ കയ്യില്‍ നിന്നും മൊമെന്റോ വാങ്ങാന്‍ വിസമ്മതിച്ച സംഗീത സംവിധായകന്‍ രമേശ് നാരായാണന്റെ പ്രവൃത്തി വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
ആസിഫില്‍ നിന്നും മൊമെന്റോ വാങ്ങിയ രമേശ് നാരായണന്‍ അതില്‍ നീരസം പ്രകടിപ്പിക്കുകയും ശേഷം സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയുമായിരുന്നു.
ഈ വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കുകയാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. തങ്ങള്‍ ആസിഫ് അലിക്ക് ഒപ്പമാണെന്നും വിഷയത്തില്‍ ഖേദം പ്രകടപ്പിച്ചെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ആ സിനിമയുടെ സംവിധായകനായ ജയരാജില്‍ നിന്ന് ആ പുരസ്‌കാരം സ്വീകരിക്കണം എന്നൊരു ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹം ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കാമായിരുന്നു.
അല്ലെങ്കില്‍ നിങ്ങള്‍ രണ്ട് പേരും ചേര്‍ന്ന് എനിക്ക് ആ പുരസ്‌കാരം തരൂ എന്ന് ആസിഫിനോട് തന്നെ പറയാമായിരുന്നു. ഒരുപക്ഷേ അപ്പോഴുള്ള മാനസികാവസ്ഥയുടെ ബുദ്ധിമുട്ട് കാരണമായിരിക്കാം അദ്ദേഹത്തിന് അതിന് സാധിക്കാതെ പോയത്.
ആ പ്രവൃത്തി ആസിഫിനെ പോലെ ഒരു കലാകാരന് തീര്‍ച്ചയായും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു സംഗതിയാണ്. പൊതുസമൂഹത്തിനും വ്യക്തിപരമായി ആസിഫിനും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.
ഇത് തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്നതാണ് ഞങ്ങളുടെ അഭിപ്രായം. രമേശ് നാരായണനെ പോലെ ഒരു കലാകാരന്‍ അവിടെ പക്വത കാണിക്കണമായിരുന്നു.
തന്നെയുമല്ല ഒരു പുരസ്‌കാരം നമുക്ക് തരുമ്പോള്‍ ആ പുരസ്‌കാരത്തോടും അത് തരുന്ന ആളോടും വിനയാന്വിതനാവുക എന്നതാണ് ഒരു കലാകാരന് അവശ്യം വേണ്ട ഒരു സംഗതി. അദ്ദേഹത്തിന്റെ വൈകാരികത മനസിലാക്കുന്നു. ഒപ്പം ആ പ്രവൃത്തി ഒഴിവാക്കേണ്ടതായിരുന്നു എന്നുതന്നെയാണ് ഞങ്ങളുടെ അഭിപ്രായം.
പക്ഷേ പൊതുസമൂഹത്തോട് നടത്തിയ ക്ഷമാപണത്തിന്റെ മഹനീയതയും ഔന്നിത്യവും ഞങ്ങള്‍ മനസിലാക്കുന്നു. ഇതാണ് ആ വിഷയത്തില്‍ പറയാനുള്ളത്.’ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.