ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ടാം ദിവസം ഓസ്‌ട്രേലിയയെ പുറത്താക്കി ഇന്ത്യ. 121.3 ഓവറില്‍ 469 റണ്‍സിനാണ് ഇന്ത്യ ഓസീസിനെ പുറത്താക്കിയത്.
മത്സരത്തിന്റെ ആദ്യ ദിവസം ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച ഓസീസ് ബാറ്റര്‍മാരെ രണ്ടാം ദിവസം ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടി. ആദ്യ സെഷനില്‍ തന്നെ ട്രാവിസ് ഹെഡിനെയും സ്റ്റീവ് സ്മിത്തിനെയും അപകടകാരിയായ കാമറൂണ്‍ ഗ്രിനിനെയും മടക്കിയാണ് ഇന്ത്യ പ്രതീക്ഷകള്‍ കാത്തുസൂക്ഷിച്ചത്.
മത്സരത്തെയൊന്നാകെ ഡിഫൈന്‍ ചെയ്യാന്‍ പോന്ന പല മുഹൂര്‍ത്തങ്ങളും രണ്ടാം ദിവസം പിറന്നിരുന്നു. സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ ഷര്‍ദുല്‍ താക്കൂറിന്റെ തകര്‍പ്പന്‍ ഡെലിവെറിയും, ട്രാവിസ് ഹെഡിന്റെ പുറത്താകലും സിറാജും സ്മിത്തും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളുമെല്ലാം രണ്ടാം ദിവസത്തിന്റെ ഹൈലൈറ്റുകളായിരുന്നു.
റിസ്‌ക്കി സിംഗിളിനായി ശ്രമിച്ച സ്റ്റാര്‍ക്കിന്റെ എല്ലാവിധ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് അക്‌സര്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ബെയ്ല്‍സ് എറിഞ്ഞിട്ടത്. ഈ വിക്കറ്റിന് പിന്നാലെ ഇന്ത്യന്‍ ടീം ഒന്നാകെ അക്‌സറിന് ചുറ്റും കൂടിയിരുന്നു.
ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഓസീസിന് തകര്‍പ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഹെഡ് 174 പന്തില്‍ നിന്നും 163 റണ്‍സ് നേടിയപ്പോള്‍ സ്മിത്ത് 268 പന്തില്‍ നിന്നും 121 റണ്‍സ് നേടി.
അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ പ്രഹരമേറ്റിരുന്നു. ഏഴ് ഓവര്‍ പിന്നിടുമ്പോഴേക്കും ഓപ്പണര്‍മാരെ രണ്ട് പേരെയും ഇന്ത്യക്ക് നഷ്ടമായി.
ടീം സ്‌കോര്‍ 30ല്‍ നില്‍ക്കവെയാണ് ഇന്ത്യക്ക് ഈ രണ്ട് വിക്കറ്റുകളും നഷ്ടമാകുന്നത്. 26 പന്തില്‍ നിന്നും 15 റണ്‍സുമായി രോഹിത് പാറ്റ് കമ്മിന്‍സിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയപ്പോള്‍ 15 പന്തില്‍ 13 റണ്‍സുമായി ഗില്ലും മടങ്ങി. സ്‌കോട് ബോളണ്ടിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഗില്‍ പുറത്തായത്.
നിലവില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 35ന് രണ്ട് എന്ന നിലയിലാണ്. അഞ്ച് പന്തില്‍ നിന്നും നാല് റണ്‍സുമായി വിരാട് കോഹ്‌ലിയും മൂന്ന് പന്തില്‍ നിന്നും ഒരു റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.
Content Highlight: Axar Patel’s brilliant fielding in WTC final