കോഴിക്കോട്: ചേന്ദമംഗലൂര്‍ പുല്‍പ്പറമ്പില്‍ വയല്‍ നികത്താനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു. നഗരസഭാ സെക്രട്ടറി ഹരീഷ്, വില്ലേജ് ഓഫീസര്‍ രാഹുല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മണ്ണിടല്‍ തടഞ്ഞത്.
പി.എ. കരീം എന്നയാള്‍ നടത്തുന്ന പ്രകൃതി ചികിത്സാ കേന്ദ്രത്തിന് സമീപത്തെ സ്ഥലമാണ് മണ്ണിട്ട് നികത്തിയത്. പരിശോധനയില്‍ ഏഴ് സെന്റോളം സ്ഥലം നികത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
സ്ഥലം പൂര്‍വസ്ഥിതിയിലാക്കാന്‍ പ്രകൃതി ചികിത്സാ കേന്ദ്ര മാനേജ്‌മെന്റിനോട് നിര്‍ദേശം നല്‍കിയതായി നഗരസഭാ സെക്രട്ടറി ഹരീഷ് പറഞ്ഞു.
‘തണ്ണീര്‍ത്തടം നികത്തിയതിന് ഉത്തരവാദികള്‍ക്കെതിരെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കും. പ്രദേശത്ത് വ്യാപകമായി വയല്‍ നികത്തല്‍ നടക്കുന്നുണ്ടെന്ന പരാതി ലഭിച്ചിട്ടുണ്ട്,’ ഹരീഷ് പറഞ്ഞു.
തങ്ങള്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ബന്ധപ്പെട്ടവരോട് രേഖകള്‍ ഹാജരാക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും താഴെക്കോട് വില്ലേജ് ഓഫീസര്‍ രാഹുല്‍ കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘മണ്ണിടുന്നതിനുള്ള നിയമപരമായ ഉത്തരവുകള്‍ വല്ലതും ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ പറഞ്ഞിട്ടുണ്ട്. അതിന് സമയം അനുവദിച്ചിട്ടുണ്ട്. അവിടെ പോയി കണ്ട കാര്യം തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ടായി നല്‍കിയിട്ടുമുണ്ട്,’ രാഹുല്‍ കുമാര്‍ പറഞ്ഞു.
അതേസമയം താന്‍ മണ്ണിടുകയോ വയല്‍ നികത്തുകയോ ചെയ്തിട്ടില്ലെന്ന് പ്രകൃതി ചികിത്സാ കേന്ദ്രം നടത്തിപ്പുകാരനായ പി.എ. കരീം ഡൂള്‍ന്യൂസിനോട് പറഞ്ഞിട്ടുണ്ട്.
‘ഞാന്‍ മണ്ണിട്ടിട്ടില്ല. നേരത്തെ ഇട്ട മണ്ണ് നിരപ്പാക്കുകയാണ് ചെയ്തത്. ഹോസ്പിറ്റലുമായി ബന്ധപ്പെട്ട സ്ഥലമല്ല. രണ്ടും രണ്ട് സ്ഥലമാണ്,’ കരീം പറഞ്ഞു.
വാക്‌സിനേഷനെതിരേയും ആധുനിക ചികിത്സാരീതികള്‍ക്കെതിരേയും നേരത്തെ പി.എ. കരീം നടത്തിയ പ്രസംഗം വിവാദത്തിലായിരുന്നു. വാക്‌സിനേഷനും ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും ചികിത്സയും ശിര്‍ക്കാണെന്ന് (ബഹുദൈവാരാധന) വിശ്വസിക്കുന്നവനാണ് താനെന്നായിരുന്നു കരീമിന്റെ പ്രസംഗം.