29 പന്തില്‍ സെഞ്ച്വറിയടിച്ചവന്‍ ടീമില്‍; ഇത് പഴയ കൊലകൊമ്പന്റെ പുതിയ ടീം, വിന്‍ഡീസ് വിയര്‍ക്കും
Sports News
29 പന്തില്‍ സെഞ്ച്വറിയടിച്ചവന്‍ ടീമില്‍; ഇത് പഴയ കൊലകൊമ്പന്റെ പുതിയ ടീം, വിന്‍ഡീസ് വിയര്‍ക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd January 2024, 11:33 am

 

വെസ്റ്റ് ഇന്‍ഡീസിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പരക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ 13 അംഗ ടീമിനെയാണ് ഓസ്‌ട്രേലിയ ഏകദിന പരമ്പരക്കിറക്കുന്നത്.

പല സൂപ്പര്‍ താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചാണ് ഓസീസ് ഏകദിന പരമ്പരക്കിറങ്ങുന്നത്. മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ വിന്‍ഡീസിനെതിരെ കളത്തിലിറങ്ങില്ല.

ആഭ്യന്തര തലത്തിലും ബിഗ് ബാഷ് ലീഗിലും തിളങ്ങിയ പല സൂപ്പര്‍ താരങ്ങളും വിന്‍ഡീസിനെതിരെ ടീമിന്റെ ഭാഗമാകും.

മാര്‍ഷ് കപ്പിന്റെ ഈ സീസണില്‍ 29 പന്തില്‍ സെഞ്ച്വറി നേടിയ ഫ്രേസര്‍ മഗ്രൂക്കാണ് ഇക്കൂട്ടത്തിലെ പ്രധാനി. ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ റെനഗെഡ്‌സിന്റെ താരമായ മഗ്രൂക് 158.64 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 257 റണ്‍സ് നേടിയിട്ടുണ്ട്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.എല്‍. ടി-20യില്‍ ദുബായ് ക്യാപ്പിറ്റല്‍സിനായി അരങ്ങേറിയ താരം 25 പന്തില്‍ 54 റണ്‍സടിച്ച് വരവറിയിച്ചിരുന്നു.

ബിഗ് ബാഷ് ലീഗിന്റെ പുതിയ സീസണിലെ ലീഡ്ങ് വിക്കറ്റ് ടേക്കറായ സേവ്യര്‍ ബാര്‍ട്‌ലെറ്റും ഓസീസിന്റെ ഭാഗമാണ്.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് വെസ്റ്റ് ഇന്‍ഡീസ് ഓസ്‌ട്രേലിയയില്‍ കളിക്കുക. ഫെബ്രുവരി രണ്ടിനാണ് പരമ്പര ആരംഭിക്കുന്നത്. മെല്‍ബണാണ് ആദ്യ മത്സരത്തിന് വേദിയാകുന്നത്.

ഓസ്‌ട്രേലിയ ഏകദിന സ്‌ക്വാഡ്

ജെയ്ക് ഫ്രേസര്‍ മഗ്രൂക്, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ആരോണ്‍ ഹാര്‍ഡി, കാമറൂണ്‍ ഗ്രീന്‍, മാറ്റ് ഷോര്‍ട്ട്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ആദം സാംപ, ലാന്‍സ് മോറിസ്, നഥാന്‍ എല്ലിസ്, ഷോണ്‍ എബോട്ട്, സേവ്യര്‍ ബാര്‍ട്‌ലെറ്റ്.

വെസ്റ്റ് ഇന്‍ഡീസ് ഏകദിന സ്‌ക്വാഡ്

അലിക് അത്തനാസ്, കെയ്‌സി കാര്‍ട്ടി, ജെറാന്‍ ഒട്ടിലി, ടെഡി ബിഷപ്, കെയ്വം ഹോഡ്ജ്, റോയ്‌സ്റ്റണ്‍ ചെയ്‌സ്, ഷായ് ഹോപ് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ടെവിന്‍ ഇമാച്ച് (വിക്കറ്റ് കീപ്പര്‍), അല്‍സാരി ജോസഫ്, അല്‍സാരി ജോസഫ്. ഗുഡാകേഷ് മോട്ടി, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍, മാത്യു ഫോര്‍ഡ്, ഓഷാന തോമസ്.

 

 

Content highlight: Australia announces ODI squad against West Indies