തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിന്റെ ഗതാഗത മേഖലക്കും വികസനത്തിനും മുതല്‍ക്കൂട്ടാവുന്ന പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നും ഇതിനെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘കേരളത്തിന്റെ ഗതാഗത മേഖലയില്‍ മാത്രമല്ല, സമഗ്ര വികസനത്തിന് തന്നെ മുതല്‍ക്കൂട്ടായി മാറുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. നിരവധി തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പരത്തി പദ്ധതിയെ അട്ടിമറിക്കാന്‍ ഉള്ള ശ്രമങ്ങള്‍ പലരും നടത്തി വരുന്നുണ്ട്. എന്നാല്‍ പൊതുസമൂഹം അത്തരക്കാരുടെ പൊള്ളത്തരം തിരിച്ചറിയുന്നു എന്നതാണ് യാഥാര്‍ത്ഥ്യം,’ അദ്ദേഹം പറഞ്ഞു.
നാടിന്റെ പുരോഗതിക്ക് വിലങ്ങു തടിയായി നില്‍ക്കുന്ന എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തിയ ചരിത്രമാണ് നമ്മുക്കുള്ളത്. സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ചുള്ള വസ്തുതകള്‍ മനസ്സിലാക്കി അതിന്റെ വിജയത്തിനായി നമുക്ക് ഒരുമിച്ച് നില്‍ക്കാം. ഭാവി കേരളത്തിന്റെ അടിത്തറ ശക്തമാക്കാന്‍ പരിശ്രമിക്കാമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രപതിക്ക് ബാത്ത്റൂമില്‍ പോകാന്‍ ഒരു ബക്കറ്റ് വെള്ളമെത്തിക്കാന്‍ സാധിക്കാത്തവരാണ് കെ റെയില്‍ ഇട്ടോടിക്കാന്‍ പോകുന്നതെന്ന് കെ. മുരളീധരന്‍ എം.പി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
കേരളത്തില്‍ നടക്കുന്നത് കമ്യൂണിസ്റ്റ് ഭരണമല്ല പിണറായിസ്റ്റ് ഭരണമാണമാണെന്നും പരിസ്ഥിതിക്ക് വലിയ ദോഷമായിരിക്കും കെ റെയില്‍ വരുത്തുകയെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.
അതേസമയം, സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ എതിര്‍പ്പുയരുന്ന സാഹചര്യത്തില്‍ പദ്ധതിയെകുറിച്ച് വിശദീകരിക്കാന്‍ എല്ലാ ജില്ലകളിലും വിവിധ മേഖലകളിലുള്ളവരുടെ യോഗം വിളിച്ച് വിശദീകരിക്കാന്‍ സി.പി.ഐ.എം ഇതിനോടകം തന്നെ തീരുമാനിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യയോഗം ജനുവരി നാലിനാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഇതിന് പുറമേ ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക പരിഹരിക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ താഴേത്തട്ടില്‍ വിശദീകരണ യോഗം ചേരാനും തീരുമാനമായിട്ടുണ്ട്.