കോഴിക്കോട്: പ്രളയക്കെടുതിയില്‍ സര്‍വതും നഷ്ടപ്പെട്ടു നില്‍ക്കുന്ന ആളുകളെ പിഴിയാന്‍ തട്ടിപ്പു സംഘങ്ങളും. എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന സംഘങ്ങളാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. എസ്.ബി.ഐയില്‍ നിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തിയാണ് സംഘം തട്ടിപ്പു നടത്തുന്നത്.
എ.ടി.എം കാര്‍ഡ് ബ്‌ളോക്കാകുമെന്ന മുന്നറിയിപ്പോടെ വിളിക്കുന്ന സംഘം കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാം എന്ന് പറഞ്ഞ് കൊണ്ടാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്.
എന്നാല്‍ ഫോണ്‍ സംഭാഷണം കഴിയും മുന്‍പ് അക്കൗണ്ടിലെ മുഴുവന്‍ പണവും ഈ സംഘം തട്ടിയെടുക്കും. അക്കൗണ്ടിന്റെയും എ.ടി.എം കാര്‍ഡിന്റെയും വിവരങ്ങള്‍ ആവശ്യപ്പെട്ട് ഒരു ബാങ്കും ബന്ധപ്പെടില്ലെന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍, ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാതിരിക്കാന്‍ സ്വയം ജാഗ്രത പാലിക്കുകയെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന നിര്‍ദേശം.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പും നടത്തുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്നു മന്ത്രി പി.തിലോത്തമന്‍ അറിയിച്ചിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവയ്പും ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ വ്യാപാരികളുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തിയിരുന്നു.
പൂഴ്ത്തിവയ്പും കരിഞ്ചന്തയും നടത്തുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കും. കരിഞ്ചന്തയും പൂഴ്ത്തിവയ്പും ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ കലക്ടറേറ്റില്‍ വിവരം അറിയിക്കണം.
ഇത്തരക്കാരെ പിടികൂടാന്‍ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നുണ്ട്. ഇതു രാജ്യദ്രോഹ കുറ്റമാണ്. ഇത്തരക്കാരുടെ കടകളിലെയും ഗോഡൗണുകളിലെയും സാധനങ്ങള്‍ കണ്ടുകെട്ടും.