നിഷ്കളങ്കതയുടെ ഓരം ചാരാതെ നിർഭയമായി നിലപാട് പറഞ്ഞ സൂരജ് സന്തോഷിന് അഭിവാദ്യങ്ങൾ; സൂരജിന് ഐക്യദാർഢ്യവുമായി അതുൽ നറുകര
Kerala News
നിഷ്കളങ്കതയുടെ ഓരം ചാരാതെ നിർഭയമായി നിലപാട് പറഞ്ഞ സൂരജ് സന്തോഷിന് അഭിവാദ്യങ്ങൾ; സൂരജിന് ഐക്യദാർഢ്യവുമായി അതുൽ നറുകര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th January 2024, 9:09 pm

ഗായിക കെ. എസ്‌ ചിത്രയുടെ രാമക്ഷേത്ര പരാമർശത്തെ വിമർശിച്ചതിന് പിന്നാലെ സൂരജ് സന്തോഷിനെതിരെ വലിയ സൈബർ ആക്രമണമാണ് നടന്ന് കൊണ്ടിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്.

സൂരജ് സന്തോഷിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ഗായകൻ അതുൽ നറുകര. തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് അതുൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

 

നിഷ്കളങ്കതയുടെയും നിഷ്പക്ഷതയുടെയും ഓരം ചാരാതെ നിർഭയമായി നിലപാട് പറഞ്ഞ പ്രിയ സുഹൃത്തിന് അഭിവാദ്യങ്ങൾ എന്നായിരുന്നു അതുൽ സൂരജ് സന്തോഷിനോടൊപ്പമുള്ള ചിത്രം പങ്ക് വെച്ചുകൊണ്ട് വ്യക്തമാക്കിയത്.

 

‘മതേതര ഇന്ത്യയുടെ ഭാവിയിൽ ആശങ്കയുള്ളവരെല്ലാം ആവും വിധം പ്രതിരോധങ്ങളുയർത്തേണ്ട നിർണായക ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നിഷ്കളങ്കതയുടെയും നിഷ്പക്ഷതയുടെയും ഓരം ചാരാതെ നിർഭയമായി നിലപാട് പറഞ്ഞ പ്രിയ സുഹൃത്ത്,ഏട്ടൻ സൂരജ് സന്തോഷിന് അഭിവാദ്യങ്ങൾ, ഐക്യദാർഢ്യം’, അതുൽ പറയുന്നു.

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും പറഞ്ഞ് കെ.എസ്‌. ചിത്ര വീഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സൂരജ് അടക്കമുള്ള നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയത്.

ചിത്രയുടെ പരാമർശത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഒരു വട്ടം ക്ഷമിച്ചൂടെയെന്നായിരുന്നു ഗായകൻ ജി. വേണുഗോപാൽ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരുന്നത്. താൻ നേരിടുന്ന സൈബർ ആക്രമണങ്ങളെ നിയമപരമായി നേരിടുമെന്നും തളർത്താൻ നോക്കേണ്ടെന്നും സൂരജ് സന്തോഷും വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: Athul Narukara Support Sooraj Santhosh On K.S Chithra Issue