പി.യു ചിത്രയെ മുമ്പും തഴഞ്ഞിരുന്നു; ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും പേരുണ്ടായിരുന്നില്ല; രേഖകള്‍ പുറത്ത്
Daily News
പി.യു ചിത്രയെ മുമ്പും തഴഞ്ഞിരുന്നു; ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും പേരുണ്ടായിരുന്നില്ല; രേഖകള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th August 2017, 11:12 am

 

തിരുവന്തപുരം: ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പി.യു ചിത്രയെ തഴഞ്ഞതുപോലെ മുമ്പും ശ്രമിച്ചിരുന്നതായി രേഖകള്‍. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ പി.യു ചിത്രയുടെ പേര് ഉള്‍പെടുത്തിയിരുന്നില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ട് കേരള അത്ലറ്റിക് അസോസിയേഷന്‍ ഇടപെട്ട് ചിത്രയുടെ പേര് ഉള്‍പെടുത്തുകയായിരുന്നു.

ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം മലയാളി താരം പി യു ചിത്രയ്ക്കും മോണിക്ക ചൗധരിക്കുമായിരുന്നു. എന്നാല്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ടീം ലിസ്റ്റ് പുറത്തു വന്നപ്പോള്‍ രണ്ടാം സ്ഥാനം നേടിയ മോണിക്ക ചൗധരിയുടെ പേര് മാത്രമാണ് ഉണ്ടായിരുന്നത്.

പിന്നീട് കേരള അത്‌ലറ്റിക് ഫെഡറേഷന്‍ ഇത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനമായി പേര് ചേര്‍ക്കുകയായിരുന്നു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ചിത്രയെ തഴഞ്ഞത് ഗൂഢാലോചനയാണെന്ന് ആരോപണം ഉയരുമ്പോള്‍ തന്നെയാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ചിത്രയെ തടയാന്‍ ശ്രമിച്ചിരുന്നു എന്നത് പുറത്ത് വരുന്നത്.


Also read  ‘ഇപ്പോള്‍ ഞങ്ങളല്ലേ ഭരിക്കുന്നത്’ ബീഹാറിന്റെ ബീഫീന്റെ പേരില്‍ യുവാക്കളെ ആക്രമിച്ചതിനെ ന്യായീകരിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍


ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില് സ്വര്‍ണം നേടിയ ചിത്രയുടെ പ്രകടനം ലോകനിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ പിന്നിലാണെന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ലണ്ടനിലേക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

തുടര്‍ന്ന് പി.യു ചിത്ര അവസരം നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഫെഡറേഷന്റെ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ വിശദാംശങ്ങളും ഹാജരാക്കി വിശദീകരണം നല്‍കണമെന്ന് കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അത്‌ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര സ്ഥാപനമാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാറിന് കഴിയില്ലന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
പിന്നീട് ഹൈക്കോടതി വിധി മാനിക്കണമന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റിന് നിര്‍ദേശം നല്‍കി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകരുതെന്നും മന്ത്രി നിര്‍ദേശിച്ചിരുന്നു.

തുടര്‍ന്ന് ചിത്രയെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ അന്താരാഷ്ട്ര  അത്‌ലറ്റിക് ഫെഡറേഷന് കത്ത് നല്‍കിയെങ്കിലും ഫെഡറേഷന്‍ കത്ത് തള്ളുകയായിരുന്നു.