വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അഭിനയിക്കുന്ന ഹൃദയം തീയേറ്ററുകളില്‍ ആവേശമായിരിക്കുകയാണ്. ചിത്രത്തില്‍ നായകനായ അരുണിന്റെ സുഹൃത്തായ കഥാപാത്രം ആന്റണി താടിക്കാരന്‍ ഒരുപാട് പൊട്ടിച്ചിരികള്‍ തീയേറ്ററില്‍ സൃഷ്ടിച്ചു.
ആന്റണിയായി തകര്‍ത്ത അശ്വത്ത് ലാല്‍ പ്രണവിന്റെ വീട്ടില്‍ വെച്ച് നടന്ന രസകരമായ സംഭവം പങ്കുവെക്കുകയാണ്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിനോടായിരുന്നു അശ്വത്തിന്റെ പ്രതികരണം.
”ഞങ്ങളെല്ലാവരും അപ്പുവിന്റെ വീട്ടില്‍ അവന്‍ ക്ഷണിച്ചിട്ട് പോയിരുന്നു. വിനീതേട്ടനൊക്കെ കൂടെയുണ്ടായിരുന്നു. അവിടെ വെച്ച് ലാലേട്ടനെ കണ്ട മൊമെന്റ് ഭയങ്കര രസമായിരുന്നു. അപ്പുവിന്റെ വീടിന്റെ ഹാളില്‍ പാട്ട് വച്ച് ഡാന്‍സ് ചെയ്തുകൊണ്ടിരിക്കുകയാണ്.
ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ മോഹന്‍ലാലിന്റെ വീട്ടിലാണെന്ന്. പക്ഷെ എല്ലാരും ഡാന്‍സ് കളിക്കുവാ. ആരും മറ്റൊന്നും ശ്രദ്ധിക്കുന്നില്ല. അപ്പോള്‍ ഒരാള്‍ ഡോറിന്റെ അടുത്ത് വന്ന് എല്ലാവരുടേയും ഡാന്‍സ് ഒക്കെ കണ്ട് ചാരി നിക്കുവാ.
പതുക്കെയാണ് പലരും കണ്ടത്. ഞാനൊന്നും അറിയുന്നു പോലുമില്ല. അവസാനം പാട്ട് നിര്‍ത്തി. അപ്പോള്‍ ‘ആരാടാ പാട്ട് നിര്‍ത്തിയത്’ എന്ന് പറഞ്ഞ് ഞാന്‍ തിരിഞ്ഞ് നോക്കി. അപ്പോള്‍ ലാലേട്ടന്‍ മുന്നില്‍ നില്‍ക്കുകയാണ്,” അശ്വത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു.
പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തെ പറ്റി മികച്ച പ്രതികരണങ്ങളാണ് പുറത്ത് വരുന്നത്.
പ്രണവ് അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ അരുണ്‍ നീലകണ്ഠന്റെ 18 വയസ് മുതലുള്ള ജീവിതമാണ് സിനിമയുടെ കഥാപരിസരം.
കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ മാറ്റിവെച്ചപ്പോഴും സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.
വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. അജു വര്‍ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിച്ചത്. മെറിലാഡ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാഡ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹൃദയം.