ലക്ഷ്യങ്ങള്‍വെച്ചുകൊണ്ട് ക്രിക്കറ്റിനോടുള്ള ഇഷ്ടം നഷ്ടപ്പെടുത്തില്ല: ആര്‍. അശ്വിന്‍
Sports News
ലക്ഷ്യങ്ങള്‍വെച്ചുകൊണ്ട് ക്രിക്കറ്റിനോടുള്ള ഇഷ്ടം നഷ്ടപ്പെടുത്തില്ല: ആര്‍. അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th September 2024, 11:21 am

ഇന്ത്യയുടെ മികച്ച ഓള്‍ റൗണ്ടറാണ് ആര്‍. അശ്വിന്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാന്‍ അശ്വിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല നിരവധി റെക്കോഡുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലാണ് അശ്വിന്‍ സജീവം.

തന്റെ സ്പിന്‍ മാന്ത്രികതകൊണ്ട്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഐതിഹാസികമായ ഒരു കരിയര്‍ ഉണ്ടാക്കാനും അശ്വിന് സാധിച്ചു. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് അശ്വിന്‍. ഒന്നാം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയാണ്. എന്നാല്‍ താന്‍ ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് ക്രിക്കറ്റ് കളിക്കാറില്ലെന്നും ക്രിക്കറ്റിനോടുള്ള ഇഷ്ട്ം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അശ്വിന്‍ പറഞ്ഞു.

‘ഞാന്‍ എനിക്കായി ലക്ഷ്യങ്ങളൊന്നും നിശ്ചയിച്ചിട്ടില്ല. അനില്‍ ഭായിയുടെ റെക്കോഡ് ഞാന്‍ തകര്‍ക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്, എന്നാല്‍ ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് ഗെയിമിനോടുള്ള എന്റെ സ്നേഹം നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ സന്തോഷവാനാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റില്‍ 100 മത്സരത്തിലെ 141 ഇന്നിങ്സില്‍ നിന്ന് 516 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 2.81 എക്കോണമിയും 23.8 എന്ന ആവറേജും ഫോര്‍മാറ്റില്‍ താരത്തിനുണ്ട്. മാത്രമല്ല 25 ഫോര്‍ഫര്‍ വിക്കറ്റുകളും 36 ഫൈഫര്‍ വിക്കറ്റുകളും അശ്വിന്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയത് അനില്‍ കുംബ്ലെയാണ്. 132 മത്സരത്തിലെ 236 ഇന്നിങ്സില്‍ നിന്ന് 619 വിക്കറ്റുകളാണ് അനില്‍ കുംബ്ലെ നേടിയത്. ഇനി ഫോര്‍മാറ്റില്‍ 98 വിക്കറ്റുകള്‍ നേടിയാല്‍ അനിലിനെ മറികടക്കാന്‍ അശ്വിന് സാധിക്കും.

ഇന്ത്യയ്ക്ക് ഇനി മുന്നിലുള്ളത് ബംഗ്ലാദേശിനോടുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയാണ്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്. ഇതോടെ ഇന്ത്യയുടെ സ്‌ക്വാഡും പുറത്ത് വിട്ടിരുന്നു. നിലവില്‍ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് താരങ്ങള്‍.

 

Content Highlight: Ashwin said that he does not play cricket with goals and does not want to lose his love for cricket