വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി മാറിയ താരമാണ് അശോകൻ. ഈയിടെ അശോകൻ നടനും മിമിക്രി ആർട്ടിസ്റ്റുമായ അസീസ് നെടുമങ്ങാട് തന്നെ അനുകരിക്കുന്നതിലുള്ള അതൃപ്തി ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.
പിന്നാലെ അസീസ് ഒരു പൊതുവേദിയിൽ ഇനി അശോകനെ അനുകരിക്കില്ലെന്ന് പറയുകയുണ്ടായി. ഇപ്പോഴും ഈ വിഷയത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്.
ഇപ്പോഴിതാ അശോകൻ കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അസീസിനെ കുറിച്ച് വീണ്ടും സംസാരിക്കുകയാണ്. അസീസ് നല്ല കലാകാരൻ ആണെന്നും എന്നാൽ അയാൾ തന്നെ അനുകരിക്കുന്നത് ഇഷ്ടമായില്ലെന്നുമാണ് താൻ പറഞ്ഞതൊന്നും സത്യൻ, പ്രേം നസീർ തുടങ്ങിയ കലാകാരന്മാരെ അവഹേളിച്ച് അനുകരിക്കുന്നവർ ആ നടന്മാരുടെ ബന്ധുക്കളെ കുറിച്ചും ഓർക്കണമെന്നും അശോകൻ പറഞ്ഞു.
‘ഞാനൊരു അഭിപ്രായം പറഞ്ഞു. ഇപ്പോഴും ആ അഭിപ്രായത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. ഞാൻ ആരെയും ദ്രോഹിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഒരു വ്യക്തിയെയും ഞാൻ അങ്ങനെ പറയുകയുമില്ല. പക്ഷേ പറയേണ്ട ചില കാര്യങ്ങൾ പറഞ്ഞേ പറ്റൂ. സഭ്യമായ രീതിയിൽ അത് പറയുകയാണ് വേണ്ടത്.
തെങ്ങിലുള്ളത് മാങ്ങയാണെന്ന് ഒരാൾ പറഞ്ഞാൽ, അതെ മാങ്ങയാണ് എന്ന് എനിക്ക് പറയാൻ കഴിയില്ല. അവനവന് ഒരു വ്യക്തിത്വം ഇല്ലേ. അങ്ങനെ പറഞ്ഞിട്ട് എന്താണ് കാര്യം. അസീസ് നന്നായിട്ട് മിമിക്രി ചെയ്യുന്ന ഒരാളാണ്. ഞാനത് അന്നും പറഞ്ഞത് തന്നെയാണ്. നല്ല കലാകാരനാണ്. ആ കാര്യത്തിലൊന്നും ഒരു പരാതിയും പരിഭവവും എനിക്കില്ല. അംഗീകരിക്കേണ്ടത് അംഗീകരിക്കുക തന്നെ വേണം.
പക്ഷേ എന്നെ ചെയ്യുന്നത് എനിക്ക് ഇഷ്ടമാകുന്നില്ല. അതിന്റെ കാരണം എന്താണെന്ന് പുള്ളിക്ക് തന്നെ അറിയാം. കമന്റുകൾ വായിച്ചാൽ അറിയാമല്ലോ എന്താണ് കാരണമെന്ന്. ഇനി അതിനെ കുറിച്ച് സംസാരിച്ചിട്ട് കാര്യമൊന്നുമില്ല.
സത്യൻ, പ്രേം നസീർ, ജയൻ, മധു, കെ.പി ഉമ്മർ ഇവരെയൊക്കെ വളരെ ആക്ഷേപിച്ചുകൊണ്ടാണ് അവതരിപ്പിക്കുന്നത്. വളരെ അരോചകമായിട്ടാണ് കാണിക്കുന്നത്. എല്ലാവരും അങ്ങനെയാണെന്ന് ഞാൻ പറയില്ല. കുറച്ച് ആളുകൾ ഉണ്ട് അങ്ങനെ.
അവരൊക്കെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. മരിച്ചുപോയ ആ നടന്മാരുടെ വീട്ടുകാരോ ബന്ധുക്കളോ ഇത് കാണുമ്പോൾ അവർക്ക് എന്ത് പ്രയാസമുണ്ടാകും. ഒരു കലാകാരൻ ഒരിക്കലും തരത്തിൽ പറയാനോ അവതരിപ്പിക്കാനോ പാടില്ല.
മിമിക്രി കാണിക്കുന്നത് ജനങ്ങളിലേക്ക് എത്തണമെന്നുണ്ടെങ്കിൽ നമ്മൾ ചെയ്യുന്നതിന്റെ ഒരു രണ്ടിരട്ടി കൂടുതൽ കാണിക്കണം. അത് അങ്ങനെ തന്നെയേ പറ്റുള്ളൂ. അങ്ങനെ പ്രേക്ഷകർക്ക് ഏൽക്കുകയുള്ളൂ. പക്ഷെ അത് കളിയാക്കിയും അവഹേളിച്ചും കാണിക്കുകയാണെങ്കിൽ എങ്ങനെ ഉണ്ടാകും. ഞാൻ അതിനെ മാത്രമേ വിമർശിച്ചിട്ടുള്ളൂ. അത് ആര് ചെയ്താലും ഞാൻ പറയും. പറയേണ്ടത് എന്തായാലും പറയും. എന്ത് ചെയ്താലും, ആ നല്ലതാണ് ചെയ്തോളൂ എന്ന് പറഞ്ഞ് ഇളിച്ചോണ്ടിരിക്കാൻ പറ്റുമോ?,’അശോകൻ പറയുന്നു.
Content Highlight: Ashokan Talk About Mimicry Artists And Asees Nedumangad